യു.പി തെരഞ്ഞെടുപ്പില്‍ ചുവടുറപ്പിക്കാന്‍ കോണ്‍ഗ്രസ്; കര്‍ഷക പിന്തുണ തേടി പ്രിയങ്ക ഗാന്ധി

രാസവളം വാങ്ങാൻ വരി നിന്ന് തളർന്ന് വീണ് മരിച്ച നാല് കർഷകരുടെ കുടുംബങ്ങളെ പ്രിയങ്ക സന്ദർശിച്ചു

Update: 2021-10-29 06:41 GMT
Advertising

ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർഷകരുടെ പിന്തുണ തേടി കോണ്‍ഗ്രസ്. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ലളിത്പൂരിൽ മരിച്ച കർഷകരുടെ കുടുംബങ്ങളെ സന്ദർശിച്ചു. രാസവളം വാങ്ങാൻ വരി നിന്ന് തളർന്ന് വീണ് മരിച്ച നാല് കർഷകരുടെ കുടുംബങ്ങളെയാണ് പ്രിയങ്ക സന്ദർശിച്ചത്. 

കർഷകർക്ക് എല്ലാ പിന്തുണയും പ്രിയങ്ക വാഗ്ദാനം ചെയ്തു. പ്രതിജ്ഞ യാത്രയുടെ ഭാഗമായി നേരത്തെ കർഷക സ്ത്രീകളുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ലഖ്‌നൗവിലെ ചാർബാഗ് റെയിൽവേ സ്റ്റേഷനിൽ പോർട്ടർമാരുമായും പ്രിയങ്ക ആശയവിനിമയം നടത്തിയിരുന്നു. 

യു.പിയില്‍ അധികാരത്തിലെത്തിയാൽ ജനങ്ങൾക്ക്​ 10 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയും ആരോഗ്യ പരിരക്ഷയും ഉള്‍പ്പെടെ വമ്പന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. കർഷകരുടെ കടം എഴുതിതള്ളുമെന്നും 20 ലക്ഷം വരെ തൊഴിൽ സൃഷ്​ടിക്കുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഗോതമ്പും നെല്ലും ക്വിൻറലിന്​ 2500 രൂപക്കും കരിമ്പ്​ ക്വിൻറലിന്​ 400 രൂപക്കും സംഭരിക്കും. വൈദ്യുതി നിരക്ക്​ പകുതിയായി കുറക്കും. തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ സ്​ത്രീകൾക്ക്​ 40 ശതമാനം സീറ്റുകൾ നൽകും തുടങ്ങിയ വാഗ്ദാനങ്ങളുമുണ്ട്. 

പ്ലസ്​ടു വിജയിച്ച വിദ്യാർഥികൾക്ക്​ സ്​മാർട്ട്​ഫോണും ബിരുദധാരികളായ യുവതികൾക്ക്​ ഇ-സ്​കൂട്ടറുമാണ്​ ​കോൺഗ്രസി​ന്‍റെ മറ്റൊരു വാഗ്ദാനം. കോവിഡ്​ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്ക്​ 25000 രൂപ ധനസഹായവും പ്രഖ്യാപിച്ചിരുന്നു.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News