വോട്ടെണ്ണലിൽ സുതാര്യത ഉറപ്പാക്കണം; ഇൻഡ്യാ സഖ്യം തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകി
പോസ്റ്റൽ ബാലറ്റ് എണ്ണിയ ശേഷം മാത്രമേ വോട്ടിങ് യന്ത്രം എണ്ണാൻ പാടുള്ളൂ എന്നതായിരുന്നു പ്രധാന ആവശ്യം
ന്യൂഡൽഹി: വോട്ടെണ്ണൽ ദിനം സുതാര്യമാക്കാൻ നിരവധി ആവശ്യങ്ങളാണ് ഇൻഡ്യാ മുന്നണി നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷന് മുൻപിൽ ഉയർത്തിയത്. കോൺഗ്രസ് നേതാക്കളായ സൽമാൻ ഖുർഷിദ്, അഭിഷേക് സിങ്വി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ തുടങ്ങിയവരായിരുന്നു പ്രധിനിധി സംഘത്തിലുണ്ടായിരുന്നത്. പോസ്റ്റൽ ബാലറ്റ് എണ്ണിയ ശേഷം മാത്രമേ വോട്ടിങ് യന്ത്രം എണ്ണാൻ പാടുള്ളൂ എന്നതായിരുന്നു പ്രധാന ആവശ്യം.
വോട്ടിങ് മെഷീനുകൾ വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നത് ചിത്രീകരിക്കണം. കൺട്രോൾ യൂണിറ്റിലെ തിയതികളും സമയവും പരിശോധിക്കണം. രാഷ്ട്രീയപാർട്ടികളുടെ പരാതികൾക്ക് നിരീക്ഷകർ വേണ്ട നിർദേശങ്ങൾ നൽകണം തുടങ്ങിയ കാര്യങ്ങളും ഇൻഡ്യാ സഖ്യ നേതാക്കൾ കമ്മീഷനോട് ആവശ്യപ്പെട്ടു.
അമിത് ഷാ വോട്ടെണ്ണെൽ ചുമതലയുള്ള 150 ജില്ലാ മജിസ്ട്രേറ്റുമാരെ വിളിച്ചെന്ന കോൺഗ്രസ് ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. കോൺഗ്രസ് സെക്രട്ടറി ജയറാം രമേശിനോടാണ് വിശദീകരണം തേടിയത്. അതേസമയം വോട്ടെണ്ണൽ കേന്ദ്രങ്ങളില്‍ പാലിക്കേണ്ട ജാഗ്രത സംബന്ധിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി.