ഇൻഡ്യ മുന്നണി പിന്നാക്ക വിഭാഗങ്ങളുടെ സംവരണം തട്ടിയെടുക്കാൻ ആഗ്രഹിക്കുന്നു: അമിത് ഷാ

സി.പി.ഐ-എം.എൽ ജയിച്ചാൽ നക്‌സലിസം തഴച്ചുവളരാൻ തുടങ്ങുമെന്നും അമിത് ഷാ

Update: 2024-05-24 13:11 GMT
Advertising

ന്യൂഡൽഹി: രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) തലവൻ ലാലു പ്രസാദ് യാദവ് ഒരിക്കലും പിന്നാക്ക വിഭാഗത്തിന്റെയോ തന്റെ ജാതിയായ യാദവിന്റെയോ ക്ഷേമത്തിനായി പ്രവർത്തിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബി.ജെ.പി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ ആർ.കെ സിങ്ങിന് വേണ്ടി ബീഹാറിലെ അര ജില്ലയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു ഷാ. സി.പി.ഐ-എം.എല്ലിന്റെ സുദാമ പ്രസാദാണ് അരയിലെ ഇൻഡ്യാ മുന്നണി സ്ഥാനാർഥി.

കോൺഗ്രസ് പാർട്ടിയെയും തൃണമൂൽ കോൺഗ്രസ് (ടി.എം.സി) അധ്യക്ഷ മമതാ ബാനർജിയെയും അദ്ദേഹം ആക്ഷേപിച്ചു. അവർ പിന്നാക്ക ജാതിക്കാർക്കുള്ള ആനുകൂല്യങ്ങൾ കുറയ്ക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം.

'കോൺഗ്രസ് പാർട്ടിയും ലാലു പ്രസാദ് യാദവും മമത ബാനർജിയും പിന്നാക്ക വിഭാഗങ്ങളുടെ സംവരണം തട്ടിയെടുക്കാൻ ആഗ്രഹിക്കുന്നു. കർണാടകയിൽ അവർ മുസ്‌ലിംകൾക്ക് അഞ്ച് ശതമാനം സംവരണം നൽകി. ഹൈദരാബാദിൽ വീണ്ടും മുസ്‌ലിംകൾക്ക് നാല് ശതമാനം സംവരണം നൽകി. ബി.ജെ.പിയെ 400 സീറ്റ് കടക്കാൻ സഹായിച്ചാൽ മുസ്‌ലിം സംവരണം റദ്ദാക്കി പിന്നാക്ക വിഭാഗങ്ങൾക്ക് നൽകും'- അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നക്‌സലിസത്തെ തുടച്ചു നീക്കി. മൂന്നാം തവണ അധികാരത്തിലെത്തിയാൽ ഛത്തീസ്ഗഡിലും നക്‌സൽ പ്രസ്ഥാനങ്ങളെ സർക്കാർ തുടച്ചുനീക്കും. നരേന്ദ്ര മോദി ഭരണത്തിലിരിക്കുന്നിടത്തോളം ദലിത്, ആദിവാസികൾ മറ്റ് പിന്നാക്ക വിഭാഗങ്ങൾ എന്നിവരുടെ സംവരണത്തിൽ തൊടാൻ തങ്ങൾ ആരെയും അനുവദിക്കില്ല. സി.പി.ഐ-എം.എൽ ജയിച്ചാൽ നക്‌സലിസം ഇവിടെ തഴച്ചുവളരാൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ഏഴാം ഘട്ടത്തിൽ ജൂൺ ഒന്നിനാണ് അരയിൽ വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ജൂൺ നാലിന് നടക്കും.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News