ജാർഖണ്ഡിൽ വിജയമുറപ്പിച്ച് ഇൻഡ്യാ മുന്നണി; ഫലമുറപ്പിച്ചത് ഈ പത്ത് മണ്ഡലങ്ങൾ
തോൽവിയിലേക്ക് സംസ്ഥാനത്തെ ബിജെപി പ്രതിപക്ഷനേതാവ്
റാഞ്ചി: ജാർഖണ്ഡിൽ കരുത്തുകാട്ടുകയാണ് ഇൻഡ്യാ സഖ്യം. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചിത്രം കാണിക്കുന്ന പത്ത് മണ്ഡലങ്ങളുണ്ട് ഈ മണ്ഡലങ്ങളിലെ ഫലം സംസ്ഥാനത്തിന്റെ മുഴുവൻ ഫലത്തിന്റെയും പ്രതിഫലനം തന്നെയായിരിക്കും.
ഏറ്റവുമധികം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നിലവിലെ സീറ്റും മത്സരിക്കുന്ന സീറ്റുമായ ബറൈത്താണ് ഇവിടെ ബിജെപി സ്ഥാനാർഥി ഗമാലിയൻ ഹമ്പ്രോം ആണ്. 11,482 വോട്ടുകൾക്ക് മണ്ഡലത്തിൽ ലീഡ് നിലനിർത്തി മുന്നോട്ട് പോവുകയാണ് ഹേമന്ത് സോറൻ.
രണ്ടാമത്തെ പ്രധാനപ്പെട്ട മണ്ഡലമാണ് ഹേമന്ത് സോറന്റെ ഭാര്യ കൽപന സോറൻ മത്സരിക്കുന്ന ഗാണ്ടെയ്. ഇവിടെ ബിജെപി സ്ഥാനാർഥി മുനിയ ദേവിയാണ്. 2019ൽ ഒരു ലക്ഷത്തിന് മുകളിൽ വോട്ടുകൾക്കാണ് കൽപന മണ്ഡലത്തിൽ വിജയിച്ചത്. 1,055 വോട്ടുകൾക്ക് ബിജെപി സ്ഥാനാർഥിയാണ് മണ്ഡലത്തിൽ ലീഡ് ഉയർത്തി നിൽക്കുന്നത്. എന്നാൽ കൽപനയ്ക്ക് വ്യക്തമായ പിന്തുണയുള്ള മണ്ഡലത്തിൽ ഏത് നിമിഷവും വോട്ട് മാറിമറിയുമെന്നാണ് നിഗമനം.
ബിജെപിയുടെ പ്രതിപക്ഷ നേതാവ് അമർ കുമാർ ബൗരി മത്സരിക്കുന്ന ചന്ദൻകിയാരിയാണ് മറ്റൊരു പ്രധാനപ്പെട്ട മണ്ഡലം. മണ്ഡലത്തിൽ ജെഎംഎമ്മിന്റെ ഉമാകാന്ത് രാജെക്കാണ് എതിർ സ്ഥാനാർഥി. മണ്ഡലത്തിൽ 22,036 വോട്ടിന്റെ ലീഡിൽ ഉമാകാന്ത് രാജെക്കാണ് മുന്നിൽ നിൽക്കുന്നത്.
ഹേമന്ത് സോറന്റെ ജയിൽവാസ കാലത്ത് താൽക്കാലികമായി മുഖ്യമന്ത്രിയാവുകയും പിന്നീട് ബിജെപിയിൽ ചേരുകയും ചെയ്ത ചമ്പയ് സോറൻ മത്സരിക്കുന്ന സെരിക്കെല്ലയിൽ 35,738 വോട്ടുകളുടെ ലീഡ് തുടരുകയാണ് ബിജെപി. മണ്ഡലത്തിൽ ബിജെപിയിൽ നിന്ന് ജെഎംഎമ്മിലെത്തിയ ഗണേഷ് മഹാലിയാണ് എതിർ സ്ഥാനാർഥി.
ഹേമന്ത് സോറന്റെ സഹോദരൻ ബസന്ത് സോറൻ ബിജെപിക്കായി മത്സരിക്കുന്ന ദുംക്കയിൽ 3,306 വോട്ടുകൾക്കാണ് പാർട്ടി ലീഡ് ചെയ്യുന്നത്. മണ്ഡലത്തിൽ 2020ൽ നേരിയ ഭൂരിപക്ഷത്തിനാണ് ബസന്ത് വിജയിച്ചത്. ബസന്തിന്റെ ഫലം സോറൻ കുടുംബത്തിന്റെ രാഷ്ട്രീയ ഭാവിയിൽ കൗതുകം ജനിപ്പിക്കുന്നതായിരിക്കും.
സംസ്ഥാനത്തെ ബിജെപിയുടെ ശക്തികേന്ദ്രമാണ് റാഞ്ചി. മണ്ഡലത്തിൽ ആറ് തവണ വിജയിച്ച ബിജെപിയുടെ സി.പി സിങാണ് ഇപ്രാവശ്യവും മത്സരിക്കുന്നത്. ജെഎംഎമ്മിന്റെ മഹുആ മാജിയാണ് എതിർ സ്ഥാനാർഥി. 2019ൽ സിങിനെതിരെ മത്സരിച്ച മാജി സിങ്ങിനെ എക്കാലത്തൈയും കുറഞ്ഞ ഭൂരിപക്ഷത്തിലെത്തിച്ചിരുന്നു. 27,573 വോട്ടുകൾക്ക് സിങ് തന്നെയാണ് മണ്ഡലത്തിൽ ലീഡ് നിലനിർത്തുന്നത്.
കോൺഗ്രസിന് 2019ൽ വിജയം നേടിക്കൊടുത്ത ലോഹാർദാഗയാണ് മറ്റൊരു പ്രധാന മണ്ഡലം. ഈ മണ്ഡലം ഗോത്രവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശം കൂടിയാണ്. 2019ൽ മണ്ഡലത്തിൽ വിജയിച്ച രാമേശ്വർ ഓറായോൺ ആണ് ഇത്തവണയും കോൺഗ്രസിനായി മണ്ഡലത്തിൽ മത്സരിക്കുന്നത്. നിരു ശാന്തി ഭഗത്താണ് ബിജെപി സ്ഥാനാർഥി. മണ്ഡലത്തിൽ 13,759 വോട്ടുകൾക്ക് കോൺഗ്രസ് മുന്നിട്ടുനിൽക്കുകയാണ്.
ബിജെപി 2019ൽ മികച്ച വിജയം കൈവരിച്ച ധൻവാറിൽ സംസ്ഥാനത്തെ ശക്തനായ ബിജെപി നേതാവ് ബാബുലാൽ മറാണ്ടിയാണ് വീണ്ടും മത്സരിക്കുന്നത്. ജെഎംഎമ്മിനായി മത്സരിക്കുന്നത് നിസാമുദ്ദീൻ അൻസാരിയാണ്. മണ്ഡലത്തിൽ ബിജെപിയെ തോൽപ്പിക്കുന്നത് വലിയ കടമ്പയാണ് ജെഎംഎമ്മിന്. 11,543 വോട്ടുകൾക്ക് ബിജെപിയാണ് മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്.
കോൺഗ്രസും ജെഎംഎമ്മും എതിരായി മത്സരിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ജംതാര. ഹേമന്ത് സോറന്റെ പത്‌നിസഹോദരി സീത സോറനാണ് ജെഎംഎം സ്ഥാനാർഥി. കോൺഗ്രസിനായി മത്സരിക്കുന്നത് ഇർഫാൻ അൻസാരിയാണ്. 21,568 വോട്ടുകൾക്ക് ഇർഫാൻ അൻസാരിയാണ് മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്.
അവസാനമായി സംസ്ഥാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട മണ്ഡലങ്ങളിലൊന്നാണ് മധുപൂർ. ഏറ്റവും പ്രവചനാതീതമായ മണ്ഡലത്തിൽ ജെഎംഎമ്മിനായി ഹഫീസുൽ ഹസനും ബിജെപിക്കായി ഗംഗാ നാരായൺ സിങുമാണ് മത്സരിക്കുന്നത്. വെറും 396 വോട്ടുകളുടെ ലീഡ് മാത്രമാണ് നിലവിൽ മണ്ഡലത്തിൽ ബിജെപിക്കുള്ളത്.