ബ്രഹ്മപുത്രയിൽ ലോകത്തിലെ ഏറ്റവും വലിയ ഡാമുണ്ടാക്കാൻ ചൈന; ആശങ്കയറിയിച്ച് ഇന്ത്യ
ബ്രഹ്മപുത്രയുടെ ഒഴുക്കിനെയും നദീതടത്തെയും വലിയ രീതിയിൽ ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിർമിക്കാനൊരുങ്ങുന്ന ചൈനയോട് ആശങ്ക അറിയിച്ച് ഇന്ത്യ. പരിസ്ഥിതി ലോല പ്രദേശമായ ഹിമാലയത്തിലെ തിബറ്റിലാണ് അണക്കെട്ട് നിർമിക്കുന്നത്.
ചൈനയിൽ നിലവിലുള്ള ഏറ്റവും വലിയ അണക്കെട്ടായ ത്രീ ഗോർഗീസ് ഡാം ഭൂമിയുടെ ഭ്രമണത്തെ 0.06 സെക്കൻഡുകൾ വൈകിപ്പിക്കുന്നുവെന്ന് നാസയുടെ റിപ്പോർട്ടുകൾ നിലനിൽക്കുമ്പോഴാണ് ഉയർന്ന ഭൂകമ്പ മേഖലയിൽപെട്ട പ്രദേശത്ത് പുതിയ അണക്കെട്ട് നിർമിക്കാൻ ചൈന ഒരുങ്ങുന്നത്.
ചൈനയുടെ 14-ാമത് പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണ് അണക്കെട്ട് നിർമാണം. പ്രതിവർഷം 300 ബില്യൺ kWh വൈദ്യുതി ഉൽപ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 137 ബില്യൺ യുഎസ് ഡോളറാണ് പദ്ധതിയുടെ ചെലവ്. ത്രീ ഗോർജസ് അണക്കെട്ടിെൻറ നിർമാണ സമയത്ത് 1.4 ദശലക്ഷത്തിലധികം ആളുകളെ ചൈനയ്ക്ക് പുനരധിവസിപ്പിക്കേണ്ടി വന്നിരുന്നു. അതേസമയം, മൂന്നിരട്ടി വലുപ്പമുള്ള പുതിയ പദ്ധതിയിൽ എത്ര പേർ കുടിയിറക്കപ്പെടുമെന്ന കണക്കുകൾ ചൈന പുറത്തുവിട്ടിട്ടില്ല.
ബ്രഹ്മപുത്ര നദിയിൽ നിർമിക്കുന്ന അണക്കെട്ടിനെക്കുറിച്ച് ഇന്ത്യക്കും ആശങ്കയുണ്ട്. ചൈനയുടെ കൂറ്റൻ അണക്കെട്ട് ബ്രഹ്മപുത്രയുടെ ഒഴുക്കിനെയും നദീതടത്തെയും വലിയ രീതിയിൽ ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. കടുത്ത വരൾച്ചയ്ക്കും വെള്ളപ്പൊക്കത്തിനുമുള്ള സാധ്യതകൾ നിലനിക്കുമ്പോൾ അണക്കെട്ടിന്റെ നിർമാണത്തിൽ സുതാര്യത വേണമെന്നും ബ്രഹ്മപുത്രയിലെ ജലം ഇന്ത്യക്കാരുടെ അവകാശമാണെന്നും ഇന്ത്യ പ്രതികരിച്ചു. ഇന്ത്യ തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്നും ചൈനയെ അറിയിച്ചു. ടിബറ്റിൽ യാർലുങ് സാങ്പോ എന്നാണ് ഈ നദി അറിയപ്പെടുന്നത്.
ചൈനയോട് ഇതിന്റെ ഗൗരവം പുനഃപരിശോധിയ്ക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് വെള്ളിയാഴ്ച ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് ജയ്‌സ്വാൾ പറഞ്ഞു. അരുണാചൽ പ്രദേശിലെയും അസമിലെയും പ്രതികൂല പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ആശങ്കകളും അദ്ദേഹം പങ്കുവെച്ചു.