ബി.ജെ.പിക്ക് തിരിച്ചടിയായി മോദിയുടെ അദാനി -അംബാനി പരാമർശം
വോട്ടെടുപ്പിന്‍റെ മൂന്ന് ഘട്ടം പിന്നിടുമ്പോൾ, ബി.ജെ.പിയുടെ ശക്തി ചോർന്നു പോകുന്നതിന് തെളിവാണ്,മോദിയുടെ നിലവിട്ട വാക്കുകൾ എന്നും വിലയിരുത്തപ്പെടുന്നു
ഡല്‍ഹി: രാഹുൽ ഗാന്ധിയെ വെല്ലുവിളിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ,അദാനി -അംബാനി പരാമർശം ബി.ജെ.പിക്ക് തിരിച്ചടിയായെന്ന് രാഷ്ട്രീയ നിരീക്ഷകർ. ഈ കുത്തകകൾ കോൺഗ്രസിന് പണം നൽകിയെങ്കിൽ, അന്വേഷിക്കാൻ ഇ.ഡിയെ വിടണമെന്നുള്ള രാഹുൽ ഗാന്ധിയുടെ കൗണ്ടർ,മോദിക്ക് കൃത്യമായ രാഷ്ട്രീയ മറുപടി ആയി. വോട്ടെടുപ്പിന്‍റെ മൂന്ന് ഘട്ടം പിന്നിടുമ്പോൾ, ബി.ജെ.പിയുടെ ശക്തി ചോർന്നു പോകുന്നതിന് തെളിവാണ്,മോദിയുടെ നിലവിട്ട വാക്കുകൾ എന്നും വിലയിരുത്തപ്പെടുന്നു.
തെലങ്കാനയിലെ മോദിയുടെ ഈ പ്രസംഗത്തിനു പ്രത്യേകതയുണ്ട്. അദാനിയുടെയും അംബാനിയുടെയും പേരുകൾ ആദ്യമായി തെരഞ്ഞെടുപ്പ് പ്രസംഗത്തിൽ മോദി ഉപയോഗിച്ചു.കഴിഞ്ഞ ദിവസം ജാർഖണ്ഡിൽ നടത്തിയ രാഷ്ട്രീയ റാലിയിലും ഏപ്രിൽ 12ന് കോയമ്പത്തൂർ നടത്തിയ സമ്മേളനത്തിലും മോദിയെയും അദാനിയെയും കൂട്ടിക്കെട്ടിയാണ് രാഹുൽ ഗാന്ധി വിമർശിച്ചത്.ഇതൊന്നും കണ്ടില്ലെന്നു നടിച്ചാണ്, അംബാനി-അദാനി മാരെ ക്കുറിച്ച് രാഹുൽ മൗനം പാലിക്കുകയാണെന്ന് മോദി ആരോപിച്ചത്. വോട്ടിംഗ് ശതമാനം താഴേക്ക് ഇടിയുന്നത്, ബി.ജെ.പിക്ക് തിരിച്ചടി ആണെന്നും അംബാനി, കോൺഗ്രസുമായി അടുക്കുന്നു എന്ന ഡൽഹി അഭ്യൂഹങ്ങളുടെയും പ്രതിഫലനമാണ് മോദിയുടെ വാക്കുകൾ എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
തൊഴിലില്ലായ്മ,വിലക്കയറ്റം തുടങ്ങിയ വിഷയങ്ങൾ തെരഞ്ഞെടുപ്പ് ചർച്ചയാക്കുന്നതിൽ ഇന്‍ഡ്യ മുന്നണി വിജയിച്ചു.ജനകീയ വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ, മോദി മനഃപൂർവം അദാനി -അംബാനി ചർച്ച പൊതുധാരയിലേക്ക് കൊണ്ടുവരികയാണെന്നും വിശ്വസിക്കുന്നവർ ഏറെയാണ്.