ജയ് ഫലസ്‌തീന് പകരം 'ജയ് ശ്രീറാം'; ഉവൈസിയുടെ വീടിന് നേരെ ആക്രമണം, ഗേറ്റിന് മുന്നിൽ ഇസ്രായേൽ അനുകൂല പോസ്റ്റർ
ലോക്സഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തശേഷം പാർലമെന്റിൽ ജയ് ജയ് ഫലസ്തീൻ മുദ്രാവാക്യങ്ങൾ ഉവൈസി ഉയർത്തിയത് ചർച്ചയായിരുന്നു.
ഡൽഹി: ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) എംപി അസദുദ്ദീൻ ഉവൈസിയുടെ വസതിക്കുനേരെ ആക്രമണം. ഇന്നലെ രാത്രി ഗേറ്റിനോട് ചേർന്ന മതിലിലെ നെയിം പ്ലേറ്റിൽ അക്രമികൾ കരിഓയിൽ ഒഴിക്കുകയും ഇസ്രായേൽ അനുകൂല പോസ്റ്ററുകൾ ഒട്ടിക്കുകയും ചെയ്തു. ഇതൊന്നും കൊണ്ട് താൻ ഭയപ്പെടില്ലെന്നും, അമിത് ഷായുടെ നോട്ടപ്പിശക് കൊണ്ടാണ് അക്രമം ഉണ്ടായതെന്നും ഉവൈസി ആരോപിച്ചു.
ഉവൈസിയുടെ ഡൽഹിയിലെ അശോക റോഡിലുള്ള വസതിക്ക് നേരെയായിരുന്നു ആക്രമണം. സംഭവത്തിന്റെ ദൃശ്യങ്ങൾ ഉവൈസി എക്‌സിൽ പോസ്റ്റുചെയ്തിട്ടുണ്ട്. പ്രധാന ഗേറ്റിലെ നെയിം പ്ളേറ്റിൽ കരിഓയിൽ ഒഴിച്ച ശേഷം അഞ്ചംഗ സംഘം ഇസ്രായേൽ അനുകൂല പോസ്റ്റർ ഒട്ടിക്കുകയായിരുന്നു. തുടർന്ന് "ഭാരത് മാതാ കീ ജയ്", "ജയ് ശ്രീറാം" മുദ്രാവാക്യങ്ങളും വിളിച്ചു.
'ഭാരത് മാതാ കീ ജയ്' എന്ന് പറയാൻ മടിക്കുന്ന എംപിമാർക്കും എംഎൽഎമാർക്കും എതിരെ കർശന നടപടിയെടുക്കണമെന്ന് അക്രമികളിൽ ഒരാൾ ആവശ്യപ്പെടുന്നത് മറ്റൊരു വീഡിയോയിൽ കാണാം. തന്റെ ഡൽഹിയിലെ വീട് എത്ര തവണയാണ് ആക്രമിക്കപ്പെട്ടതെന്നതിന്റെ എണ്ണമെടുക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തിയെന്ന് ഉവൈസി പ്രതികരിച്ചു. ഇത്തരം സംഭവങ്ങൾ തടയാൻ ഡൽഹി പൊലീസിന് കഴിയാതെ പോകുന്നതിൽ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തശേഷം പാർലമെന്റിൽ ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് ഫലസ്തീൻ, അല്ലാഹു അക്ബർ എന്നീ മുദ്രാവാക്യങ്ങൾ ഉവൈസി ഉയർത്തിയത് ചർച്ചയായിരുന്നു. ചൊവ്വാഴ്ചയാണ് ഇദ്ദേഹം അഞ്ചാം തവണ എം.പിയായി സത്യപ്രതിജ്ഞ ചെയ്തത്.
ഉവൈസിയെ സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിച്ചതോടെ ബി.ജെ.പി എം.പിമാർ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കിയിരുന്നു. ഖുർആനിലെ സൂക്തങ്ങളോടെയാണ് ഉവൈസി സത്യപ്രതിജ്ഞ ആരംഭിച്ചത്. രാജ്യത്ത് പാർശ്വവത്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ ഉന്നയിക്കുന്നത് ആത്മാർഥമായി തുടരുമെന്ന് അദ്ദേഹം പിന്നീട് എക്സിൽ കുറിച്ചു. 2019ൽ ജയ് ഭീം, അല്ലാഹു അക്ബർ, ജയ് ഹിന്ദ് എന്നിങ്ങനെ പറഞ്ഞാണ് ഉവൈസി സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്.