'ഇന്ത്യ ഹിന്ദു രാഷ്ട്രമല്ല, ഒരിക്കലും ആയിരുന്നില്ല'; ആർഎസ്എസ് മേധാവിക്കെതിരെ സ്വാമി പ്രസാദ് മൗര്യ
ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ഇന്ത്യയിലെ എല്ലാവരും ഹിന്ദുക്കളാണെന്നും അതാണ് സത്യമെന്നുമായിരുന്നു മോഹൻ ഭാഗവത് കഴിഞ്ഞ ദിവസം പറഞ്ഞത്.
ന്യൂഡൽഹി: ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്നുമുള്ള ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവനയ്ക്കെതിരെ സമാജ്‌വാദി നേതാവ് സ്വാമി പ്രസാദ് മൗര്യ. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ലെന്നും ഒരിക്കലും ആയിരുന്നില്ലെന്നും മൗര്യ വ്യക്തമാക്കി. ഇന്ത്യ ഒരു ബഹുസ്വര രാഷ്ട്രമാണെന്നും സ്വാമി പ്രസാദ് മൗര്യ പറഞ്ഞു.
'നമ്മുടെ ഭരണഘടന ഒരു മതേതര രാഷ്ട്രം എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്ത്യയിലെ എല്ലാ ജനങ്ങളും ഇന്ത്യക്കാരാണ്. ഇന്ത്യൻ ഭരണഘടന എല്ലാ മതങ്ങളുടെയും വിശ്വാസങ്ങളുടെയും വിഭാഗങ്ങളുടെയും സംസ്കാരങ്ങളുടെയും പ്രാതിനിധ്യത്തെ പ്രതിനിധീകരിക്കുന്നു'- സ്വാമി പ്രസാദ് മൗര്യ പറഞ്ഞു.
ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ഇന്ത്യയിലെ എല്ലാവരും ഹിന്ദുക്കളാണെന്നും അതാണ് സത്യമെന്നുമായിരുന്നു മോഹൻ ഭാഗവത് കഴിഞ്ഞ ദിവസം പറഞ്ഞത്. ഹിന്ദു എല്ലാ ഇന്ത്യക്കാരെയും പ്രതിനിധീകരിക്കുന്നു. ഇന്ന് ഭാരതത്തിൽ ഉള്ളവരെല്ലാം ഹിന്ദു സംസ്‌കാരവുമായും ഹിന്ദു പൂർവികരുമായും ഹിന്ദു ഭൂമിയുമായും ബന്ധപ്പെട്ടവരാണ്. അല്ലാതെ മറ്റൊന്നുമല്ല'- എന്നും ഭാഗവത് പറഞ്ഞിരുന്നു.
നേരത്തെയും ഇതേ വാദവുമായി മോഹൻ ഭാഗവത് രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ എല്ലാ ജനങ്ങളും ആർഎസ്എസിന് ഹിന്ദുക്കളാണെന്നായിരുന്നു 2019ൽ ഭാഗവത് പറഞ്ഞത്. ആര്‍എസ്എസ് ആരെയെങ്കിലും ഹിന്ദു എന്ന് വിളിക്കുകയാണെങ്കില്‍ അവര്‍ ഇന്ത്യയെ മാതൃരാജ്യമായി കണ്ട് സ്നേഹിക്കുന്നവരാകുമെന്നും ഏത് ഭാഷ സംസാരിക്കുന്നവരാണെങ്കിലും ഏത് മതവിശ്വാസം പിന്തുടരുന്നവരാണെങ്കിലും ആരാധന നടത്തുന്നവരാണെങ്കിലും അല്ലെങ്കിലും ഇന്ത്യയുടെ മക്കള്‍ ഹിന്ദുക്കളാണെന്നും മോഹൻ ഭാഗവത് അവകാശപ്പെട്ടിരുന്നു.