2024ൽ ഇന്ത്യാക്കാര്‍ മൊബൈൽ ഫോണിൽ ചെലവഴിച്ചത് 1.1 ലക്ഷം കോടി മണിക്കൂര്‍!
ശരാശരി, ഒരു ദിവസം അഞ്ച് മണിക്കൂർ മൊബൈൽ സ്‌ക്രീനിൽ ചെലവഴിക്കുന്നു


ഡൽഹി: നമ്മുടെ ദൈനംദിന ജീവിതത്തിന്‍റെ മാത്രമല്ല, ശരീരത്തിന്‍റെ ഭാഗമായി മാറിയിരിക്കുന്നു മൊബൈൽ ഫോൺ. അനുനിമിഷം ഫോണിന്‍റെ ഉപയോഗം കൂടുന്നതല്ലാതെ കുറയുന്ന ലക്ഷണമൊന്നും അടുത്തെങ്ങും കാണുന്നുമില്ല. രാവിലെ എഴുന്നേൽക്കുമ്പോൾ രാത്രി ഉറക്കമെത്തുന്നതുവരെ ഭൂരിഭാഗം പേരുടെയും കണ്ണുകൾ ഫോണിലായിരിക്കും. ഇങ്ങനെ മൊബൈൽ നോക്കി നോക്കി കഴിഞ്ഞ വര്‍ഷം ചെലവഴിച്ചത് ആയിരവും പതിനായിരവും മണിക്കൂറല്ല, 1.1 ലക്ഷം കോടി മണിക്കൂറാണ്.
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തിന് ഇൻസ്റ്റാഗ്രാം മുതൽ നെറ്റ്ഫ്ലിക്സ് വരെയുള്ള പ്ലാറ്റ്‌ഫോമുകൾ എളുപ്പം ലഭ്യമായതിനാൽ 2024ൽ ഇന്ത്യാക്കാർ തങ്ങളുടെ സ്മാർട്ട്‌ഫോണുകൾ നോക്കി 1.1 ലക്ഷം കോടി മണിക്കൂർ ചെലവഴിച്ചുവെന്ന് മാനേജ്‌മെന്‍റ് കൺസൾട്ടന്‍റ് ഇവൈ വ്യക്തമാക്കുന്നു. ശരാശരി, ഒരു ദിവസം അഞ്ച് മണിക്കൂർ മൊബൈൽ സ്‌ക്രീനിൽ ചെലവഴിക്കുന്നു. അതിൽ ഏകദേശം 70 ശതമാനവും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, ഗെയിമിംഗ്, വീഡിയോകൾ എന്നിവക്കായി നീക്കിവച്ചിരിക്കുന്നുവെന്ന് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച വാർഷിക വിനോദ റിപ്പോർട്ടിൽ പറയുന്നു. ഇത് 2024 ൽ ഇന്ത്യയിലെ 2.5 ലക്ഷം കോടി രൂപയുടെ മാധ്യമ, വിനോദ വ്യവസായത്തിലെ ഏറ്റവും വലിയ വിഭാഗമായി ഡിജിറ്റൽ ചാനലുകളെ മാറ്റി, ആദ്യമായി ടെലിവിഷനെ മറികടന്നു. എന്നിരുന്നാലും മൊബൈൽ ഫോണ്‍ നോക്കി സമയം കളയുന്നവരിൽ ഇന്ത്യാക്കാരല്ല ഒന്നാമത്. ഇന്തോനേഷ്യയും ബ്രസീലുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്.
രാജ്യത്തെ ഏകദേശം 40 ശതമാനം പേർ, അതായത് 562 ദശലക്ഷം ആളുകൾ ഇപ്പോൾ സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നു . യുഎസിലെയും മെക്സിക്കോയിലെയും ജനസംഖ്യയെക്കാൾ കൂടുതലാണിത്. ടെലിവിഷൻ, അച്ചടി മാധ്യമങ്ങൾ, റേഡിയോ എന്നിവ ഉൾപ്പെടുന്ന പ്രധാന പരമ്പരാഗത മാധ്യമങ്ങളുടെ വരുമാനവും വിപണി വിഹിതവും 2024ൽ കുറഞ്ഞുവെന്ന് റിപ്പോർട്ട് പറയുന്നു. സംഗീതകച്ചേരികൾ, ക്രിക്കറ്റ് ടൂർണമെന്‍റുകൾ തുടങ്ങിയ തത്സമയ പരിപാടികളും വ്യവസായത്തിന്‍റെ വളർച്ചയ്ക്ക് ഗണ്യമായ സംഭാവന നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. 2027 ൽ ഇന്ത്യൻ മേഖല 3.1 ട്രില്യൺ രൂപയായി വളരുമെന്ന് റിപ്പോർട്ട് കണക്കാക്കുന്നു.
ഇന്ത്യക്കാർ സ്മാർട്ട്‌ഫോണുകളിൽ തിരക്കിലായിരിക്കുമ്പോൾ, ലക്ഷക്കണക്കിന് കണ്ടന്‍റ് ക്രിയേറ്റേഴ്സ് പല്ല് തേയ്ക്കുന്നത് മുതൽ ആഫ്രിക്കൻ കാട്ടിലൂടെ സാഹസിക യാത്രകൾ വരെയുള്ള ഹ്രസ്വ വീഡിയോകളോ വ്ളോഗുകളോ സൃഷ്ടിച്ച് വിപണിയിൽ നിറഞ്ഞുനിൽക്കുന്നു. ദശലക്ഷക്കണക്കിനാളുകളാണ് സോഷ്യൽമീഡിയയിലൂടെ വരുമാനം നേടുന്നത്. ഇന്ത്യയിലെ കണ്ടന്‍റ് ക്രിയേറ്റേഴ്സും ഇന്‍ഫ്ലുവൻസര്‍മാരും കോർപ്പറേറ്റ് മാർക്കറ്റിംഗ് മേഖലയിൽ പ്രധാന ഘടകമായി മാറിയിട്ടുണ്ട്. ഇന്ത്യക്കാർ സ്മാർട്ട്‌ഫോണുകളിൽ മാത്രം ഒതുങ്ങി നിൽക്കുമ്പോൾ, ഇ-കൊമേഴ്‌സ് വിൽപനക്കാർ പരസ്യങ്ങളും ആകർഷകമായ ഓഫറുകളും കൊണ്ട് സ്‌ക്രീനുകൾ നിറയ്ക്കുന്നു. അവർക്ക് ആവശ്യമില്ലാത്തതോ വാങ്ങാൻ പോലും സാധ്യതയില്ലാത്തതോ ആയ സാധനങ്ങൾ വാങ്ങാൻ അവരെ പ്രലോഭിപ്പിക്കുന്നു. മൊബൈൽ ഡാറ്റ ഉപഭോഗത്തിൽ ഇന്ത്യ ആഗോളതലത്തിൽ ഒന്നാമതെത്തിയതായി സാമ്പത്തിക സർവേ വ്യക്തമാക്കിയിരുന്നു.