ഇന്ത്യയിലെ ഏറ്റവും ധനികനായ എംഎൽഎയുടെ ആസ്തി 1400 കോടി; ദരിദ്രനായ എം.എൽ.എക്ക് 1700 രൂപ മാത്രം
രാജ്യത്തെ സമ്പന്നരായ 20 എംഎൽഎമാരിൽ 12 പേരും കർണാടകയിൽ നിന്നുള്ളവരാണ്
ബംഗളൂരു: രാജ്യത്തെ ഏറ്റവും ധനികനായ എംഎൽഎ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറെന്ന് റിപ്പോർട്ട്. 1,413 കോടി രൂപയുടെ ആസ്തിയാണ് ശിവകുമാറിനുള്ളത്. രാജ്യത്തെ സമ്പന്നരായ ആദ്യത്തെ മൂന്ന് എം.എൽ.എമാരും കർണാടകയിൽ നിന്നുള്ളവരാണെന്നും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് (എഡിആർ) റിപ്പോർട്ടിൽ പറയുന്നു. 1,267 കോടി രൂപയുടെ ആസ്തിയുള്ള കെഎച്ച് പുട്ടസ്വാമി ഗൗഡയാണ് പട്ടികയിൽ രണ്ടാമത് . 1,156 കോടി രൂപയുമായി കോൺഗ്രസിന്റെ പ്രിയ കൃഷ്ണയാണ് തൊട്ടുപിന്നിലുള്ളത്.
ഏറ്റവും ധനികരായ എംഎൽഎമാരിൽ ആദ്യ പത്തിലെ നാല് പേർ കോൺഗ്രസിൽ നിന്നും മൂന്ന് പേർ ബി.ജെ .പിയിൽ നിന്നുമുള്ളവരാണ്. ഏറ്റവും ധനികരായ എംഎൽഎമാരുടെ പട്ടികയിലെ 23-ാമത്തെയാൾ ഖനി വ്യവസായി ഗലി ജനാർദൻ റെഡ്ഡിയാണ്. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഭാര്യ അരുണ ലക്ഷ്മിയുടെ പേരിലാണ് അദ്ദേഹത്തിന്റെ സ്വത്തുക്കളിൽ ഭൂരിഭാഗവും.
പശ്ചിമ ബംഗാളിലെ ബി.ജെ.പി എം.എൽ.എയായ നിർമ്മൽ കുമാർ ധാരയാണ് രാജ്യത്തെ ഏറ്റവും ദരിദ്രനായ എം.എൽ.എ. ഈ എം.എൽ.എയുടെ മൊത്തം ആസ്തി വെറും 1700 രൂപയാണ്.ഒഡീഷയിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎയായ മകരന്ദ മുദുലിക്ക് 15,000 രൂപയും പഞ്ചാബിൽ നിന്നുള്ള ആം ആദ്മി പാർട്ടിയുടെ നരീന്ദർ പാൽ സിംഗ് സാവ്‌നയുടെ ആസ്തി 18,370 രൂപയുമാണ്.
അതേസമയം, താൻ ഏറ്റവും ധനികനല്ലെന്നും എന്നാൽ ദരിദ്രനല്ലെന്നും ശിവകുമാർ പ്രതികരിച്ചു. വളരെക്കാലമായി ഞാൻ സമ്പാദിച്ച സ്വത്താണ് ഇവയെന്നും അദ്ദേഹം പറഞ്ഞു. ശിവകുമാറിനെപ്പോലുള്ളവർ ബിസിനസുകാരാണ്.. അതിൽ എന്താണ് തെറ്റെന്ന് കോൺഗ്രസ് എം.എൽ.എ റിസ്വാൻ അർഷാദ് ചോദിച്ചു. ധനികരായ ബി.ജെ.പി എം.എൽ.എമാർ ഖനന കുംഭകോണക്കേസിൽ പ്രതികളാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കോൺഗ്രസിന് സമ്പന്നരെയാണ് ഇഷ്ടമെന്ന് മുതിർന്ന ബി.ജെ.പി നേതാവ് സുരേഷ് കുമാർ തിരിച്ചടിച്ചു.
രാജ്യത്തെ സമ്പന്നരായ 20 എംഎൽഎമാരിൽ 12 പേരും കർണാടകയിൽ നിന്നുള്ളവരാണ്. കർണാകടകയിലെ 14 ശതമാനം എം.എൽ.എമാർക്കും 100 കോടി രൂപയുടെ ആസ്തിയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സമ്പന്നരായ എം.എൽ.എമാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് അരുണാചൽ പ്രദേശാണ്. ഇവിടുത്തെ 59 എം.എൽ.എമാരിൽ നാല് പേരും കോടീശ്വരന്മാരാണ്.