മിസൈല്‍ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ട സംഭവം; ആക്രമണത്തിന് പിന്നില്‍ ഹിസ്ബുല്ലയെന്ന് ഇസ്രായേല്‍ എംബസി
ഇസ്രായേലില്‍ മലയാളി കൊല്ലപ്പെട്ടതില്‍ ഇന്ത്യയിലെ ഇസ്രായേല്‍ എംബസി ദുഃഖം രേഖപ്പെടുത്തി
ഡല്‍ഹി: ഇസ്രായേലില്‍ മലയാളി കൊല്ലപ്പെട്ടതില്‍ ഇന്ത്യയിലെ ഇസ്രായേല്‍ എംബസി ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കുന്നതായി ഇസ്രായേല്‍ എംബസി അറിയിച്ചു. കുടുംബങ്ങള്‍ക്ക് വേണ്ട പിന്തുണയും സഹായവും നല്‍കും. ഹിസ്ബുല്ലയാണ് ആക്രമണം നടത്തിയത് എന്നും ഇസ്രായേല്‍ എംബസി അറിയിച്ചു.
കൊല്ലം സ്വദേശി നിബിന്‍ മാക്സ് വെല്ലാണ് കൊല്ലപ്പെട്ടത്. രണ്ട് മലയാളികളടക്കം ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇടുക്കി സ്വദേശികളായ ബുഷ് ജോസഫ് ജോര്‍ജ്ജ്, പോള്‍ മെല്‍വിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചികിത്സയ്ക്കായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയോടെ ഇസ്രായേലിന്റെ വടക്കന്‍ ഗലീലി മേഖലയിലെ മൊഷവ് എന്ന സ്ഥലത്താണ് മിസൈലാക്രമണം നടന്നത്. ഇസ്രായേലിലെ കൃഷിഫാമിലെ ജീവനക്കാരായിരുന്നു മൂന്ന് പേരും. നിബിന്റെ മരണവിവരം തങ്ങളെ അറിയിച്ചതായി കുടുംബം അറിയിച്ചു. നിബിന്റെ മൃതദേഹം സീവ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മുഖത്തും ശരീരത്തിലും പരിക്കേറ്റ ജോര്‍ജിനെ പേട്ട ടിക്വയിലെ ബെയ്‌ലിന്‍സണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ഇദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. മെല്‍വിന് നിസ്സാര പരിക്കുകളാണുള്ളത്. വടക്കന്‍ ഇസ്രായേലി നഗരമായ സഫേദിലെ സീവ് ആശുപത്രിയില്‍ ചികിത്സയിലാണ്.