'ഐ.എസ്.ആർ.ഒ ഇന്ത്യയുടെ അഭിമാനം, ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടേതല്ല'; പ്രതികരിച്ച് മമത ബാനർജി
ചന്ദ്രന്റെ മണ്ണിൽ ചന്ദ്രയാൻ-3 ലാൻഡിംഗ് നടത്താനിരിക്കെ ട്വിറ്ററിലാണ് മമതയുടെ പ്രതികരണം
ഐ.എസ്.ആർ.ഒ ഇന്ത്യയുടെ അഭിമാനമാണെന്നും ഏതെങ്കിലും രാഷ്ട്രീയ അസ്തിത്വമുള്ള സംവിധാനമല്ലെന്നും വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രിയും തൃണമുൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. ചന്ദ്രന്റെ മണ്ണിൽ ചന്ദ്രയാൻ-3 ലാൻഡിംഗ് നടത്താനിരിക്കെ ട്വിറ്ററിലാണ് (എക്‌സ്) മമതയുടെ പ്രതികരണം.
'ചന്ദ്രയാൻ 3 ദൗത്യം രാജ്യത്തിനാകെ അഭിമാനമാണ്. ഐഎസ്ആർഒ സംഘം ഇന്ത്യയുടേതാണ്.
അവരുടെ കഠിനാധ്വാനം ശാസ്ത്രജ്ഞരും സാമ്പത്തിക വിദഗ്ധരുമടക്കമുള്ള ജനങ്ങളിൽ നിന്നുള്ള രാജ്യത്തിന്റെ പുരോഗതിയുടെ തെളിവാണ്. അല്ലാതെ ഒരു രാഷ്ട്രീയ സംവിധാനത്തിൽ നിന്നല്ല.
ബംഗാൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള ശാസ്ത്രജ്ഞർ ഈ ദൗത്യത്തിന് വലിയ സംഭാവന നൽകിയിട്ടുണ്ട്. ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണം കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ കഠിനാധ്വാനം ചെയ്ത എല്ലാവരുടെയും ശ്രമങ്ങളെ ഞാൻ അഭിനന്ദിക്കുന്നു.
ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് അടുക്കുമ്പോൾ, നാമെല്ലാവരും ഒരുമിച്ച് നിൽക്കുകയും അതിന്റെ വിജയകരമായ സോഫ്റ്റ് ലാൻഡിംഗിന് ആരവം മുഴക്കുകയും ചെയ്യണം' മമത ട്വിറ്ററിൽ കുറിച്ചു.
അതേസമയം, ചന്ദ്രോപരിതലത്തിന്റെ കൂടുതൽ ചിത്രങ്ങൾ ഐ.എസ്.ആർ.ഒ പുറത്തുവിട്ടു. ലാൻഡറിലെ ക്യാമറ പകർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. പേടകം ഇറങ്ങാൻ പോകുന്ന ചന്ദ്രോപരിതലത്തിന്റേതാണ് ചിത്രങ്ങൾ.
പാറക്കല്ലുകളോ ആഴത്തിലുള്ള കിടങ്ങുകളോ ഇല്ലാതെ സുരക്ഷിതമായ ലാൻഡിംഗ് ഏരിയ കണ്ടെത്താൻ സഹായിക്കുന്ന ലാൻഡർ ഹസാർഡ് ഡിറ്റക്ഷൻ ആൻഡ് അവോയിഡൻസ് ക്യാമറ(LHDAC) പകർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്.
ജൂലൈ 14നായിരുന്നു ചന്ദ്രയാൻ 3ന്റെ വിക്ഷേപണം. ആഗസ്ത് ഒന്നിനാണ് ഭൂമിയുടെ ഭ്രമണപഥം വിട്ട് പേടകം ചന്ദ്രന്റെ ഏറ്റവും പുറത്തുള്ള ട്രാൻസ് ലൂണാർ പഥത്തിലേക്ക് പ്രവേശിച്ചത്. എല്ലാ പ്രക്രിയകളും പൂർത്തിയാക്കുന്നതോടെ ആഗസ്ത് 23-ന് വൈകിട്ടോടെ ചന്ദ്രന്റെ മണ്ണിൽ ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗ് നടത്തുമെന്നാണ് കരുതുന്നത്. ചന്ദ്രനിൽ സുരക്ഷിതമായി ലാൻഡ് ചെയ്യാനായാൽ അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും ശേഷം ചന്ദ്രനിൽ പേടകമിറക്കുന്ന രാജ്യമായി ഇന്ത്യ മാറും.
ISRO India's pride, not any political entity's: Mamata Banerjee