സിംഗപ്പൂരിനായി ഐഎസ്ആർഒയുടെ വാണിജ്യ വിക്ഷേപണം; പിഎസ്എൽവി സി-56 വിക്ഷേപിച്ചു
ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ന്യൂ സ്‌പെയ്‌സ് ഇന്ത്യയും സിംഗപ്പൂര്‍ സര്‍ക്കാരും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് വിക്ഷേപണം
ചന്ദ്രയാന് ശേഷം ഐഎസ്ആർഒയുടെ നിർണായക ദൗത്യമായ പിഎസ്എൽവി സി-56 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് നിന്ന് പുലർച്ചെ 6.30നാണ് പിഎസ്എൽവി കുതിച്ചുയർന്നത്. ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ന്യൂ സ്‌പെയ്‌സ് ഇന്ത്യയും സിംഗപ്പൂര്‍ സര്‍ക്കാരും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് വിക്ഷേപണം.
സിംഗപ്പൂരിലെ വിവിധ സര്‍വകാലാശാലകളുടെയും സ്വകാര്യമേഖലയുടെയും സർക്കാർ വകുപ്പുകളുടെയും 7 ഉപഗ്രഹങ്ങളാണ് ബഹിരാകാശത്തേക്ക് അയച്ചത്. സിംഗപ്പൂർ ഡിഫൻസ് സ്‌പേസ് ആൻഡ് ടെക്‌നോളജി ഏജൻസിയുടെ ds-sar ഉപഗ്രഹമാണ് ഉപഗ്രഹങ്ങളിൽ പ്രധാനപ്പെട്ടത്. 352 കിലോഗ്രാം ആണ് ഇതിന്റെ ഭാരം. സിംഗപ്പൂരിലെ വിവിധ സർക്കാർ ഏജൻസികളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും അതിന്റെ സുഗമമായ പ്രവർത്തനത്തിനും വേണ്ടിയാണ് ഈ ഉപഗ്രഹം. വിക്ഷേപണം കഴിഞ്ഞ് 21 മിനിറ്റ് പിന്നിടുമ്പോഴാവും ഇത് റോക്കറ്റിൽ നിന്ന് വേർപെടുക. 24 മിനിറ്റ് കഴിയുമ്പോഴേക്കും അവസാന ഉപഗ്രഹവും വേർപെടും.
മറ്റ് ആറ് ഉപഗ്രഹങ്ങളിൽ രണ്ടെണ്ണം മൈക്രോ സാറ്റലൈറ്റുകളും നാലെണ്ണം നാനോ സാറ്റലൈറ്റുകളുമാണ്.