'സവർക്കറെ വിമർശിച്ചതിനും രാഹുലിനെതിരെ കേസുണ്ട്'; അയോഗ്യതാ വിധിയിൽ ഗുജറാത്ത് ഹൈക്കോടതി
'പത്തിലേറെ അപകീര്‍ത്തി കേസുകൾ രാഹുലിനെതിരെയുണ്ട്'
അഹമ്മദാബാദ്: അപകീർത്തി കേസിൽ സൂറത്ത് കോടതിയുടെ ശിക്ഷാവിധി ശരിവച്ച ഗുജറാത്ത് ഹൈക്കോടതി രാഹുൽ ഗാന്ധിക്കെതിരെ നടത്തിയത് ശക്തമായ നിരീക്ഷണങ്ങൾ. പത്തിലേറെ അപകീർത്തി കേസുകൾ രാഹുലിനെതിരെയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സവര്‍ക്കറിനെതിരെ നടത്തിയ പരാമര്‍ശവും വിധിയില്‍ ഇടംപിടിച്ചു. ജസ്റ്റിസ് ഹേമന്ത് പ്രച്ചകിന്റെ ബഞ്ചാണ് കേസിൽ വിധി പറഞ്ഞത്.
'അപകീർത്തി കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ വിധിക്കെതിരെ സമർപ്പിക്കപ്പെട്ട അപ്പീൽ നിലനിൽക്കുന്നതല്ല. വിധി സ്റ്റേ ചെയ്യണമെന്നത് നിയമമല്ല. പത്തിലേറെ കേസുകൾ രാഹുലിനെതിരെയുണ്ട്. സ്റ്റേ അനുവദിക്കാതിരിക്കുന്നത് ഹർജിക്കാരന് നീതി നിഷേധിക്കുകയല്ല. അതിനുള്ള യുക്തിസഹമായ കാരണങ്ങളില്ല. കുറ്റക്കാരനെന്നുള്ള വിധി നീതിയുക്തവും നിയമപരവുമാണ്.' - കോടതി പറഞ്ഞു.
രാഷ്ട്രീയത്തിൽ വിശുദ്ധി ആവശ്യമാണെന്നും കോടതി കൂട്ടിച്ചേർത്തു. 'ഗാന്ധിക്കെതിരെ വീർസവർക്കറിന്റെ പൗത്രൻ പൂനെ കോടതിയിൽ ഹർജി സർപ്പിച്ചിട്ടുണ്ട്. കാംബ്രിജിൽ രാഹുൽ നടത്തിയ വാക്കുകൾക്കെതിരെയാണിത്. രാഷ്ട്രീയത്തിൽ വിശുദ്ധി ആവശ്യമാണ്' - ജസ്റ്റിസ് ഹേമന്ത് പ്രച്ചക് കൂട്ടിച്ചേര്‍ത്തു.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കോലാറിൽ നടത്തിയ പ്രഭാഷണത്തിലാണ് രാഹുലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ലളിത് മോദി, നീരവ് മോദി, നരേന്ദ്ര മോദി എന്നിവരെ പരാമര്‍ശിച്ച് എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് ഒരേ തറവാട്ടുപേര് വന്നത് എന്നാണ് രാഹുൽ ചോദിച്ചിരുന്നത്. പരാമർശം മോദി സമുദായത്തെ അപകീർത്തിപ്പെടുത്തി എന്ന് ആരോപിച്ച് ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേഷ് മോദിയാണ് സൂറത്തിലെ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നത്.
ഏതെങ്കിലും സമുദായത്തെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ല തന്റെ പ്രസംഗം എന്നാണ് രാഹുൽ വിശദീകരിച്ചത്. 2023 മാർച്ച് 23ന് സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റാണ് കേസിൽ രാഹുലിന് രണ്ടു വർഷത്തെ ശിക്ഷ വിധിച്ചത്. അപകീർത്തി കേസിലെ പരമാവധി ശിക്ഷയാണ് രണ്ടു വർഷത്തേത്. ഇതോടെ രാഹുലിന്റെ ലോക്‌സഭാംഗത്വവും കേന്ദ്രം റദ്ദാക്കിയിരുന്നു.