'ഭയത്തിനും പ്രലോഭനത്തിനും കീഴടങ്ങാത്ത മാധ്യമപ്രവർത്തകർക്കൊപ്പം'; റെയ്ഡിൽ ബി.ബി.സിയുടെ പ്രതികരണം

60 മണിക്കൂർ നീണ്ട പരിശോധന അവസാനിച്ചാണ് ഇന്നലെ രാത്രി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫിസുകളിൽനിന്ന് മടങ്ങിയത്

Update: 2023-02-17 09:02 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: മൂന്നു ദിവസത്തെ ആദായ നികുതി വകുപ്പിന്റെ റെയ്ഡിനു പിന്നാലെ പ്രതികരണവുമായി ബി.ബി.സി. ഭയത്തിനും പ്രലോഭനങ്ങൾക്കും കീഴടങ്ങാതെ റിപ്പോർട്ടിങ് തുടരുന്ന തങ്ങളുടെ മാധ്യമപ്രവർത്തകർക്കൊപ്പം കമ്പനി ഉണ്ടാകുമെന്ന് ബി.ബി.സി വാർത്താകുറിപ്പിൽ വ്യക്തമാക്കി.

'ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ഡൽഹി, മുംബൈ ഓഫിസുകളിൽനിന്ന് പോയിട്ടുണ്ട്. അധികാരികളുമായി സഹകരണം തുടരും. എത്രയും പെട്ടെന്ന് വിഷയങ്ങൾ പരിഹരിക്കുമെന്നാണ് പ്രതീക്ഷ.'-വാർത്താകുറിപ്പിൽ പറയുന്നു.

'ജീവനക്കാരെ കമ്പനി പിന്തുണയ്ക്കുന്നു. അവരുടെ ക്ഷേമത്തിനാണ് ഞങ്ങളുടെ പ്രാമുഖ്യം. അവരിൽ ചിലർ ദീർഘമായ ചോദ്യംചെയ്യൽ നേരിടുകയും രാത്രി വൈകിയും ചോദ്യംചെയ്യലിന് നിൽക്കേണ്ടിവരികയും ചെയ്തിട്ടുണ്ട്.'

ഞങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് മടങ്ങിയിരിക്കുകയാണ്. ഇന്ത്യയിലും പുറത്തുമുള്ള പ്രേക്ഷകർക്കുള്ള സേവനത്തിൽ പ്രതിജ്ഞാബദ്ധമായി ഞങ്ങൾ തുടരും. വിശ്വസ്തവും സ്വതന്ത്രവുമായ മാധ്യമ സ്ഥാപനമാണ് ബി.ബി.സി. ഭയത്തിനും പ്രലോഭനത്തിനും കീഴ്‌പ്പെടാതെ റിപ്പോർട്ടിങ് തുടരുന്ന ഞങ്ങളുടെ മാധ്യമപ്രവർത്തകർക്കും സഹപ്രവർത്തകർക്കുമൊപ്പം കമ്പനിയുണ്ടെന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കി.

60 മണിക്കൂർ നീണ്ട പരിശോധന അവസാനിച്ചാണ് കഴിഞ്ഞ ദിവസം ആദായ നികുതി ഉദ്യോഗസ്ഥർ ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫിസുകളിൽനിന്ന് മടങ്ങിയത്. കമ്പനിയുടെ 100 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു നടപടി നേരിടുന്നത്. അക്കൗണ്ട്‌സ് വിഭാഗത്തിൽ നടന്ന പരിശോധനയിൽ 10 വർഷത്തെ കണക്കുകൾ വിശദമായി പരിശോധിച്ചിരുന്നു. റെയ്ഡല്ലെന്നും സർവേ ആണെന്നുമായിരുന്നു നേരത്തെ നൽകിയിരുന്ന വിശദീകരണം.

ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തിരുന്നു. രണ്ട് ഷിഫ്റ്റായി 24 ഉദ്യോഗസ്ഥരാണ് ഡൽഹിയിലും മുംബൈയിലും പരിശോധന നടത്തിയത്. പ്രതിഷേധം കണക്കിലെടുത്ത് ഡൽഹി ഓഫിസിന് മുന്നിൽ കേന്ദ്രസേനയെ വിന്യസിച്ചിരുന്നു.

Summary: 'We stand by our colleagues and journalists who will continue to report without fear or favour," says BBC in a statment after IT raid in their Delhi, Mumbai offices

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News