ഐടി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തുനിന്ന് ശശി തരൂരിനെ മാറ്റുന്നതിനെതിരെ എംപിമാര്‍
സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ജോൺ ബ്രിട്ടാസ്, കാർത്തി ചിദംബരം, മഹുവ മൊയ്ത്ര തുടങ്ങിയവര്‍ സ്പീക്കർക്ക് കത്ത് നൽകി.
ഐടി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് ശശി തരൂരിനെ നീക്കം ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ അംഗങ്ങൾ രംഗത്ത്. സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ജോൺ ബ്രിട്ടാസ്, ടി സുമതി, കാർത്തി ചിദംബരം, മഹുവ മൊയ്ത്ര, അനിൽ അഗർവാൾ എന്നീ എംപിമാർ ലോക്സഭാ സ്പീക്കർക്ക് എതിർപ്പ് ഉന്നയിച്ച് കത്ത് നൽകി.
ഐടി സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് നിന്നും ശശി തരൂരിനെ മാറ്റാനുള്ള നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്ന് അംഗങ്ങൾ കത്തിലൂടെ ആവശ്യപ്പെട്ടു. എംപിമാരുടെ പിന്തുണയ്ക്ക് നിലവിലെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ ശശി തരൂർ എം.പി നന്ദി പറഞ്ഞു.
പാർലമെന്‍റിന്‍റെ രാസവളം കമ്മിറ്റിയുടെ ചെയർമാൻ പദവി തരൂരിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ നിയന്ത്രണം പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തരൂരിനെ ഐ.ടി കമ്മിറ്റി ചെയർമാൻ സ്ഥാനത്തു നിന്ന് നീക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. വിഷയത്തില്‍ ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൌധരി സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തയച്ചിട്ടുണ്ട്.
നേരത്തെ സോഷ്യൽ മീഡിയ ദുരുപയോഗത്തിന്റെ പേരിൽ ഇന്ത്യയിലെ ട്വിറ്റർ, ഫേസ്ബുക്ക്, ഗൂഗിള്‍ പ്രതിനിധികളെ തരൂരിന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റി വിളിച്ചുവരുത്തിയിരുന്നു. ഉപയോക്താക്കളുടെ വിവരങ്ങൾ ലഭിക്കാൻ ട്വിറ്ററിന് മേൽ കേന്ദ്രസർക്കാർ സമ്മർദം ചെലുത്തിയെന്ന ആരോപണത്തിൽ കമ്പനി പ്രതിനിധിയെ വിളിച്ചു വരുത്തി കമ്മിറ്റി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ചെയർമാൻ പദവിയിൽ നിന്ന് തരൂരിനെ നീക്കണമെന്ന് സമിതിയിലെ ബി.ജെ.പി അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു.
തരൂർ ഉൾപ്പെടെ കമ്മിറ്റിയിൽ ലോക്‌സഭയിലെ 20 അംഗങ്ങളും രാജ്യസഭയിലെ നാല് പേരുമാണുള്ളത്. പാനലിലെ ബി.ജെ.പി അംഗം നിഷികാന്ത് ദുബെ നിരവധി തവണ തരൂരിനെതിരെ കേന്ദ്രസർക്കാറിൽ പരാതി നൽകിയിരുന്നു.