തകർക്കപ്പെട്ട വീടിന് മുകളിൽ ദേശീയ പതാക ഉയർത്തി ജാവേദ് മുഹമ്മദിന്റെ കുടുംബം
പ്രവാചകനിന്ദക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിലാണ് വെൽഫെയർ പാർട്ടി നേതാവായ ജാവേദ് മുഹമ്മദിന്റെ വീട് അനധികൃത നിർമാണമെന്ന് ആരോപിച്ച് പ്രയാഗ്‌രാജ് ഡെവലപ്‌മെന്റ് അതോറിറ്റി പൊളിച്ചുനീക്കിയത്.
പ്രയാഗ്‌രാജ്: പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഹർ ഘർ തിരംഗ കാമ്പയിന്റെ ഭാഗമായി തകർക്കപ്പെട്ട വീടിന്റെ അവശിഷ്ടങ്ങൾക്ക് മുകളിൽ ദേശീയ പതാക ഉയർത്തി വെൽഫെയർ പാർട്ടി നേതാവ് ജാവേദ് മുഹമ്മദിന്റെ കുടുംബം. ബുൾഡോസറുകൾ വീടുകൾ തകർത്താൽ പിന്നെ തങ്ങളെവിടെ ദേശീയ പതാക ഉയർത്തുമെന്ന ക്യാപ്ഷനോടെ പലരും ഈ ഫോട്ടോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്.
പ്രവാചകനിന്ദക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിലാണ് വെൽഫെയർ പാർട്ടി നേതാവായ ജാവേദ് മുഹമ്മദിന്റെ വീട് പ്രയാഗ്‌രാജ് ഡെവലപ്‌മെന്റ് അതോറിറ്റി പൊളിച്ചുനീക്കിയത്. അനധികൃത നിർമാണെന്ന് ആരോപിച്ചാണ് വീട് പൊളിച്ചത്. ജാവേദ് മുഹമ്മദിനെയും കുടുംബത്തെയും കസ്റ്റഡിയിലെടുത്ത ശേഷം കനത്ത പ്രതിഷേധം വകവെക്കാതെയാണ് ബുൾഡോസർ ഉപയോഗിച്ച് വീട് പൊളിച്ചത്.
അതേസമയം വീട് ജാവേദിന്റെ പേരിലല്ലെന്നും നിയമവിരുദ്ധമായാണ് പൊളിച്ചതെന്നും ആരോപിച്ച് ജാവേദിന്റെ കുടുംബം കോടതിയെ സമീപിച്ചിരുന്നു. ജാവേദിന്റെ ഭാര്യക്ക് കുടുംബസ്വത്തായി ലഭിച്ച വീടാണ് പൊളിച്ചുനീക്കിയത്. ആരുടെ പേരിലാണ് വീട് എന്നുപോലും പരിശോധിക്കാതെയാണ് അധികൃതർ വീട് പൊളിച്ചുനീക്കിയതെന്നാണ് ജാവേദിന്റെ കുടുംബം ആരോപിക്കുന്നത്.