'കോൺഗ്രസ് നേതാക്കൾ യുവതക്കൊപ്പമല്ല'; ദേശീയ വക്താവ് ജയ്‌വീർ ഷെർഗിൽ രാജിവച്ചു
39കാരനായ ഷെർഗിൽ കോൺഗ്രസിന്റെ യുവ വക്താക്കളിലൊരാളായിരുന്നു
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ദേശീയ വക്താവ് ജയ്‌വീർ ഷെർഗിൽ രാജിവച്ചു. പാർട്ടിയുടെ തീരുമാനങ്ങളെടുക്കുന്നവർ യുവതയുടെ താൽപര്യങ്ങൾക്കും ആധുനിക ഇന്ത്യക്കുമൊപ്പമല്ലെന്നും വ്യക്തമാക്കിയാണ് ജയ്‌വീർ ഷെർഗിൽ രാജിവെച്ചത്.
ജനങ്ങൾക്ക് ഉപകാരപ്രദമായ തീരുമാനങ്ങൾ കോൺഗ്രസിൽ നിന്ന് ഉണ്ടാകുന്നില്ലെന്നും പാർട്ടി തുടർച്ചയായി തന്നെ അവഗണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'കോൺഗ്രസ് പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നും ഞാൻ രാജിവെച്ചു. പൊതുതാൽപര്യങ്ങൾ മുൻനിർത്തി ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ തീരുമാനങ്ങളെടുക്കുന്നില്ലെന്നതാണ് രാജിയുടെ പ്രാഥമിക കാരണം. നേതൃത്വം മുഖസ്തുതിയിൽ മുഴുകുന്നവരുടെ ഒരു കൂട്ടത്താൽ സ്വാധീനിക്കപ്പെടുന്നു' ജയ്‌വീർ ഷെർഗിൽ എ.എൻ.ഐയോട് പറഞ്ഞു.
ഒരു വർഷത്തിലേറെയായി സോണിയ ഗാന്ധിയോ രാഹുലോ പ്രിയങ്കയോ തന്നെ കാണാൻ തയ്യാറായിട്ടില്ലെന്നും ഷെർഗിൽ കുറ്റപ്പെടുത്തി. 39കാരനായ ഷെർഗിൽ കോൺഗ്രസിന്റെ യുവ വക്താക്കളിലൊരാളായിരുന്നു. അഭിഭാഷകൻ കൂടിയായ ഇദ്ദേഹത്തെ പാർട്ടിയുടെ പ്രധാന മുഖങ്ങളിലൊരാളായിരുന്നു. മുതിർന്ന നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ എന്നിവർ തങ്ങൾ പാർട്ടിയേൽപ്പിച്ച പദവികളിൽ നിന്ന് രാജിവെച്ച് ദിവസങ്ങൾക്കകമാണ് പഞ്ചാബിൽ നിന്നുള്ള ഷെർഗിൽ രാജിവെക്കുന്നത്. കുറച്ചു മാസമായി ഇദ്ദേഹത്തെ വാർത്താസമ്മേളനം നടത്താൻ അനുവദിച്ചിരുന്നില്ല.