സർക്കാറിന്‍റെ ഹിതപരിശോധനക്ക് ഒരുങ്ങി ജാർഖണ്ഡ്; 'ഓപ്പറേഷൻ കമല' സജീവമാക്കാൻ ബി.ജെ.പി
ഹൈദരാബാദിലുള്ള ഭരണമുന്നണി എം.എൽ.എമാരെ ഇന്ന് രാത്രിയോടെ റാഞ്ചിയിൽ തിരിച്ചെത്തിച്ചേക്കും
റാഞ്ചി: ജാർഖണ്ഡിൽ സർക്കാരിന്‍റെ ഹിതപരിശോധന നാളെ. ഹൈദരാബാദിലുള്ള ഭരണമുന്നണി എം.എൽ.എമാരെ ഇന്ന് രാത്രിയോടെ റാഞ്ചിയിൽ തിരിച്ചെത്തിച്ചേക്കും. ഭരണ മുന്നണിയിലെ എം.എൽ.എമാരെ ചാക്കിട്ട് പിടിക്കാനുള്ള ബി.ജെ.പിയുടെ നീക്കവും ഇതുവരെ ലക്ഷ്യം കണ്ടിട്ടില്ല. മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ ഇ.ഡി ഉപയോഗിച്ച് അറസ്റ്റ് ചെയ്യിക്കാൻ ബി.ജെ.പിക്ക് സാധിച്ചു. എന്നാൽ ജാർഖണ്ഡ് മുക്തി മോർച്ചയിലെ എം.എൽ.എമാരെ ചാക്കിട്ട് പിടിക്കാനുള്ള ബി.ജെ.പിയുടെ നീക്കം പരാജയപ്പെട്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.
ഹൈദരാബാദ് റിസോർട്ടിലുള്ള എം.എൽ.എമാരെ ഇന്ന് രാത്രിയോടെ സംസ്ഥാനത്ത് തിരിച്ചെത്തിക്കാനാണ് ഭരണസഖ്യം ലക്ഷ്യമിടുന്നത്. നാളെയാണ് നിയമസഭയിൽ പുതിയ മുഖ്യമന്ത്രി ചമ്പൈ സോറൻ ഭൂരിപക്ഷം തെളിയിക്കേണ്ടത്. മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനും ഹിത പരിശോധനയും വോട്ട് ചെയ്യാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. കോൺഗ്രസും ജാർഖണ്ഡ് മുക്തി മോർച്ചയും ചേർന്നു രൂപീകരിച്ച സർക്കാറിനെ അട്ടിമറിക്കാനുള്ള ഭൂരിപക്ഷം ബി.ജെ.പിയെ സംബന്ധിച്ച് ഇനിയും വിദൂരമാണ്.
അതേസമയം, ഹിത പരിശോധനയ്ക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കെ ജെ.എം.എമ്മിൽ വിമതസ്വരം ശക്തമാകുമോ എന്നാണ് ബി.ജെ.പി ഉറ്റുനോക്കുന്നത്. എന്നാൽ പുതിയ മുഖ്യമന്ത്രിക്കെതിരെ കലാപക്കൊടി ഉയർത്തിയ മുതിർന്ന നേതാക്കളെ വരുത്തിയിൽ കൊണ്ടുവരാൻ ജെഎംഎമ്മിന് സാധിച്ചിട്ടുണ്ട്. അഴിമതി കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ഇഡിക്ക് എതിരെ റാഞ്ചി ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കം ഹേമന്ത് സോറൻ്റെ അഭിഭാഷകരും നടത്തുന്നുണ്ട്.