ജാർഖണ്ഡ് നിയമസഭയിൽ ഇന്ന് വിശ്വാസവോട്ടെടുപ്പ്
ഇ.ഡി കസ്റ്റഡിയിലെടുത്ത മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാൻ കോടതി അനുമതി നൽകിയിരുന്നു.
റാഞ്ചി: ജാർഖണ്ഡ് നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് ഇന്ന് നടക്കും. അട്ടിമറി തടയാനായി ഹൈദരാബാദിലേക്ക് മാറ്റിയ ജാർഖണ്ഡ് മുക്തി മോർച്ചയുടെ എം.എൽ.എമാർ ജാർഖണ്ഡിൽ തിരിച്ചെത്തി. ഹേമന്ത് സോറൻ രാജിവച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ചംപയ് സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗമാണ് ഇന്ന് വിശ്വാസവോട്ടെടുപ്പ് നടത്താൻ തീരുമാനിച്ചത്. വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി എം.എൽ.എമാരെ ചാക്കിട്ടുപിടിച്ച് സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന സൂചനയെ തുടർന്നാണ് എം.എൽ.എമാരെ ഹൈദരാബാദിലേക്ക് മാറ്റിയത്. ഭൂമി തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ഫെബ്രുവരി വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം അനുമതി ലഭിച്ചിരുന്നു. റാഞ്ചിയിലെ പ്രത്യേക കോടതിയാണ് ഹേമന്ത് സോറന് വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാൻ അനുമതി നൽകിയത്.
81 അംഗം ജാർഖണ്ഡ് നിയമസഭയിൽ ഭരണപക്ഷത്തിൽ 47 എം.എൽ.എമാരുടെ പിന്തുണയാണുള്ളത്. ജെ.എം.എം, കോൺഗ്രസ്, ആർ.ജെ.ഡി, സി.പി.ഐ (എം.എൽ) പാർട്ടികളാണ് ഭരണപക്ഷത്തുള്ളത്. ബി.ജെ.പിക്ക് 25 എം.എൽ.എമാരുണ്ട്.