മഴക്കാലമല്ലേ...പാലങ്ങള്‍ പൊളിയും; ബിഹാറിലെ പാലം തകര്‍ച്ചയുടെ കാരണം വ്യക്തമാക്കി കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി

ഇത് മൺസൂൺ കാലമാണ്. അസാധാരണമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്

Update: 2024-07-05 09:56 GMT
Editor : Jaisy Thomas | By : Web Desk
Advertising

പറ്റ്ന: ഒരു പാലം പൊളിഞ്ഞുതീരുന്നതിനു മുന്‍പെ മറ്റൊരു പാലം തകരുന്നു...ബിഹാറില്‍ പാലം തകര്‍ച്ച തുടര്‍ക്കഥയായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 17 ദിവസത്തിനിടയില്‍ സംസ്ഥാനത്ത് 12 പാലങ്ങളാണ് തകര്‍ന്നുവീണത്. ഇതോടെ പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്തെത്തുകയും നിതീഷ് കുമാര്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയും ചെയ്തു. ഇപ്പോള്‍ പാലം തകര്‍ച്ചയുടെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രമന്ത്രിയും ബിഹാര്‍ മുന്‍മുഖ്യമന്ത്രിയുമായ ജിതൻ റാം മാഞ്ചി.

"ഇത് മൺസൂൺ കാലമാണ്. അസാധാരണമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. അതാണ് പാലങ്ങള്‍ തകരാനുള്ള കാരണം'' മാഞ്ചി പറഞ്ഞു. ''പക്ഷെ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഏത് തരത്തിലുള്ള അനാസ്ഥയ്ക്കെതിരെയും കർശന നടപടിയെടുക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്."അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിവാൻ, സരൺ, മധുബാനി, അരാരിയ, ഈസ്റ്റ് ചമ്പാരൻ, കിഷൻഗഞ്ച് ജില്ലകളിലാണ് പാലം തകർന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.എല്ലാ പഴയ പാലങ്ങളെക്കുറിച്ച് അടിയന്തരമായി സർവേ നടത്തി അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്താനും നിതീഷ് കുമാർ റോഡ് നിർമ്മാണ വകുപ്പിനും (ആർസിഡി) റൂറൽ വർക്ക്സ് ഡിപ്പാർട്ട്‌മെൻ്റിനും (ആർഡബ്ല്യുഡി) നിർദേശം നൽകി.

തകര്‍ന്ന പാലങ്ങളിൽ ഭൂരിഭാഗവും ആഴം കുറഞ്ഞ അടിത്തറയുള്ളതാണെന്നും 30 വർഷം പഴക്കമുള്ളവയാണെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. പുതിയ പാലങ്ങൾ നിർമിക്കുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയ കരാറുകാരിൽ നിന്ന് ചെലവ് ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ളതും നിർമ്മാണത്തിലിരിക്കുന്നതുമായ എല്ലാ പാലങ്ങളുടെയും സ്ട്രക്ചറൽ ഓഡിറ്റ് നടത്താൻ ബിഹാർ സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയുമായി വിഷയം സുപ്രീം കോടതിയിലും എത്തിയിട്ടുണ്ട്.ദുർബലമായ കെട്ടിടങ്ങൾ പൊളിക്കാനോ പുതുക്കിപ്പണിയാനോ സർക്കാരിനോട് നിർദേശിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News