അജിത് പവാറിന്റെ പകരക്കാരനെ പ്രഖ്യാപിച്ച് എൻ.സി.പി; മഹാരാഷ്ട്രയിൽ പ്രതിപക്ഷത്തെ ജിതേന്ദ്ര അഹ്‌വാദ് നയിക്കും
40 എൻ.സി.പി എം.എൽ.എമാർ അജിത് പവാറിനൊപ്പമുണ്ടെന്ന് റിപ്പോർട്ടുണ്ട്
മുംബൈ: മഹാരാഷ്ട്രയിൽ പുതിയ പ്രതിപക്ഷ നേതാവായി ജിതേന്ദ്ര അഹ്‌വാദിനെ തിരഞ്ഞെടുത്ത് എൻ.സി.പി. അജിത് പവാർ എൻ.ഡി.എയിലേക്ക് കൂടുമാറിയതിനു പിന്നാലെയാണ് പുതിയ നിയമനം. സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ ആണ് ജിതേന്ദ്രയെ പുതിയ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചത്.
മുംബ്ര കൽവയിലെ എം.എൽ.എയാണ് ജിതേന്ദ്ര അഹ്‌വാദ്. പാർട്ടി ചീഫ് വിപ്പും പ്രതിപക്ഷ നേതാവുമായാണ് അദ്ദേഹത്തെ പാർട്ടി നിയമിച്ചത്. എല്ലാ പാർട്ടി എം.എൽ.എമാരും തന്റെ വിപ്പ് അംഗീകരിക്കുമെന്ന് നിയമനത്തിനു പിന്നാലെ ജിതേന്ദ്ര പ്രഖ്യാപിച്ചു. എന്നാൽ, ഭൂരിഭാഗം എം.എൽ.എമാരും തനിക്കൊപ്പമുണ്ടെന്ന അജിത് പവാറിന്റെ അവകാശവാദത്തോട് പ്രതികരിക്കാൻ ജിതേന്ദ്രയും എൻ.സി.പി നേതാക്കന്മാരും തയാറായിട്ടില്ല.
ഇന്ന് ഉച്ചയോടെയാണ് രാഷ്ട്രീയകേന്ദ്രങ്ങളെ ഞെട്ടിച്ച് മഹാരാഷ്ട്ര പുതിയ രാഷ്ട്രീയ നാടകങ്ങൾക്കു വേദിയായത്. നിരവധി എൻ.സി.പി എം.എൽ.എമാരെ പാർട്ടിയിൽനിന്ന് അടർത്തിമാറ്റി മുതിർന്ന നേതാവായ അജിത് പവാർ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരിനൊപ്പം ചേരുകയായിരുന്നു. പ്രതിപക്ഷ നേതാവായിരുന്ന പവാർ കൂടുമാറ്റത്തിനുപിന്നാലെ മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തു.
40ലേറെ എം.എൽ.എമാരുടെ പിന്തുണ അജിത് പവാറിനുണ്ടെന്നാണ് റിപ്പോർട്ട്. ഇക്കാര്യം മഹാരാഷ്ട്ര വനം മന്ത്രി സുധീർ മുൻഗാന്റിവാറും അവകാശപ്പെട്ടിട്ടുണ്ട്. എൻ.സി.പി എം.എൽ.എമാർ ഒന്നാകെ സർക്കാരിനൊപ്പം ചേരുമെന്നാണ് മന്ത്രിയുടെ പ്രസ്താവന. ഓരോരുത്തർക്കുമുള്ള വകുപ്പുകൾ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വീതംവച്ചു നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ 54 എം.എൽ.എമാരാണ് എൻ.സി.പിക്കുള്ളത്. ഇതിൽ 29 പേർ പിന്തുണ ഉറപ്പാക്കിക്കൊണ്ടുള്ള ഒപ്പുവച്ച കത്ത് തനിക്കൊപ്പമുണ്ടെന്നാണ് പവാർ അവകാശപ്പെടുന്നത്. 40 എം.എൽ.എമാരും ആറ് എം.എൽ.സിമാരും അദ്ദേഹത്തിനൊപ്പമുണ്ടെന്നും റിപ്പോർട്ടുണ്ട്. മുതിർന്ന നേതാവ് ഛഗൻ ഭുജ്പാലും കൂടുമാറിയ കൂട്ടത്തിലുണ്ട്. ഛഗനൊപ്പം ധനഞ്ജയ് മുണ്ടെ, ദിലീപ് വൽസെ പാട്ടീൽ ഉൾപ്പെടെ ഒൻപത് എം.എൽ.എമാരും മന്ത്രിസഭയിലെത്തിയിട്ടുണ്ട്.
അവകാശപ്പെടുന്ന പോലെ 40 പേരുടെ പിന്തുണ അജിത് പവാറിനുണ്ടെങ്കിൽ പാർട്ടിയുമായിട്ടായിരിക്കും അദ്ദേഹത്തിന്റെ പോക്ക്. മറുവശത്ത് ശരദ് പവാറിന്റെ നേതൃത്വത്തിൽ ഒരു ന്യൂനപക്ഷം മാത്രമായിരിക്കും ബാക്കിയുണ്ടാകുക. കൂറുമാറ്റ നിയമം മറിടക്കാൻ ആവശ്യമായതിലും അധികം പേരുടെ പിന്തുണ അജിതിനുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
Summary: Jitendra Awhad Replaces Ajit Pawar As Leader of Opposition In Maharashtra