Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
അമരാവതി: ആന്ധ്രയില്‍ വീട്ടില്‍ വന്ന പാര്‍സല്‍ തുറന്നുനോക്കിയ യുവതി കണ്ടത് അജ്ഞാത മൃതദേഹവും 1.30 കോടി രൂപ നല്‍കണമെന്ന ഭീഷണി കത്തും. വെസ്റ്റ് ഗോദാവരി ജില്ലയിലെ യെന്‍ഡഗണ്ടി ഗ്രാമത്തിലാണ് സംഭവം. വീട് നിര്‍മ്മാണത്തിനാവശ്യമായ വൈദ്യുതി ഉപകരണങ്ങളായിരിക്കുമെന്ന് കരുതിയാണ് യുവതി പാര്‍സല്‍ തുറന്നത്. മൃതദേഹത്തോടൊപ്പമുള്ള കത്തില്‍ 1.30 കോടി രൂപ നല്‍കണമെന്നും അല്ലെങ്കില്‍ കുടുംബം ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.
ഇന്നലെ രാത്രിയയിരുന്നു സംഭവം. വീട് നിര്‍മ്മിക്കുന്നതിനായി സാഗി തുളസി എന്ന യുവതിക്ക് സര്‍ക്കാര്‍ സ്ഥലം അനുവദിച്ചിരുന്നു. വീട് നിര്‍മ്മാണത്തിനുള്ള സാമ്പത്തിക സഹായം തേടി സാഗി തുളസി ക്ഷത്രിയ സേവാ സമിതിക്ക് അപേക്ഷയും സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ക്ഷത്രിയ സേവാ സമിതി യുവതിക്ക് ടൈലുകള്‍ അയച്ചുകൊടുത്തു. വീട് നിര്‍മ്മാണത്തില്‍ കൂടുതല്‍ സഹായം ആവശ്യപ്പെട്ട് അവര്‍ വീണ്ടും ക്ഷത്രിയ സേവാ സമിതിയെ സമീപിച്ചു. വൈദ്യുതി ഉപകരണങ്ങള്‍ നല്‍കാമെന്ന് സമിതി വാഗ്ദാനം ചെയ്തു. തുടർന്ന് ലൈറ്റുകള്‍, ഫാനുകള്‍, സ്വിച്ചുകള്‍ തുടങ്ങിയ സാധനങ്ങള്‍ അയച്ചുതരാമെന്ന വാട്‌സ്ആപ്പ് സന്ദേശം യുവതിക്ക് ലഭിക്കുകയും ചെയ്തു.
'ഇന്നലെ രാത്രി ഒരാള്‍ വീട്ടില്‍ പാര്‍സല്‍ എത്തിച്ചു. അതില്‍ വൈദ്യുതി ഉപകരണങ്ങള്‍ ആണെന്ന് പറഞ്ഞ് അയാള്‍ പോയി. പാഴ്സല്‍ തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിച്ചു' എന്ന് യുവതി പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പാഴ്സലില്‍ നിന്ന് 1.30 കോടി രൂപ ആവശ്യപ്പെടുന്ന ഒരു കത്തും കിട്ടിയിട്ടുണ്ട്. പണം നല്‍കിയില്ലെങ്കില്‍ കുടുംബം ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് കത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പാഴ്സല്‍ എത്തിച്ച വ്യക്തിയെ തിരിച്ചറിയാനുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ക്ഷത്രിയ സേവ സമിതിയുടെ പ്രതിനിധികളേയും പൊലീസ് ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.
45 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. ആ വ്യക്തി അഞ്ചു ദിവസം മുമ്പ് മരിച്ചിരിക്കാമെന്നാണ് കരുതുന്നത് എന്നും മൃതദേഹത്തിന് നാല് മുതല്‍ അഞ്ച് ദിവസം വരെ പഴക്കമുണ്ടെന്നും പൊലീസ് അറിയിച്ചു. കാണാതായതായി പരാതി ലഭിച്ച വ്യക്തികളെ ചുറ്റിപ്പറ്റിയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.