'അഭിപ്രായ സ്വാതന്ത്ര്യം പരിഷ്‌കൃത സമൂഹത്തിന്റെ അവിഭാജ്യ ഘടകം'; സുപ്രീം കോടതി
വലിയൊരു വിഭാഗത്തിന് ഇഷ്ടമല്ല എന്നത് വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കാനുള്ള കാരണമല്ലെന്നും സുപ്രീംകോടതി


ന്യൂ ഡൽഹി: അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിട്ട് പറഞ്ഞ് സുപ്രീം കോടതി. വലിയൊരു വിഭാഗത്തിന് ഇഷ്ടമല്ല എന്നത് വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കാനുള്ള കാരണമല്ലെന്നും സുപ്രീംകോടതി കോടതികളെയും പൊലീസിനെയും ഓർമ്മിപ്പിച്ചു. കോൺഗ്രസ് രാജ്യസഭാ എംപി ഇമ്രാൻ പ്രതാപ്ഗർഹിക്കെതിരെ ഗുജറാത്ത് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കി കൊണ്ടായിരുന്നു കോടതിയുടെ പരാമർശം.
"ഏ ഖൂം കെ പ്യാസെ ബാത് സുനോ" എന്ന കവിത പശ്ചാത്തലത്തിൽ ഉൾപ്പെടുത്തിയ വീഡിയോ ക്ലിപ്പ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതിനാണ് ഇമ്രാൻ പ്രതാപ്ഗർഹിക്കെതിരെ ഗുജറാത്ത് പോലീസ് നടപടി സ്വീകരിച്ചത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ അമിത ഉത്സാഹം കാണിച്ച ഗുജറാത്ത് പൊലീസിനെയും കോടതി രൂക്ഷമായി വിമർശിച്ചു.
പ്രതാപ്ഗർഹി സമർപ്പിച്ച ഹർജി അനുവദിച്ചുകൊണ്ട്, അദ്ദേഹം യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. സാഹിത്യവും കലകളും ജീവിതത്തെ കൂടുതൽ അർത്ഥവത്താക്കുന്നു. അന്തസുള്ള ജീവിതത്തിന് ആവിഷ്കാര സ്വാതന്ത്ര്യം ആവശ്യമാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് അഭയ് ഓക്ക, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
"ആരോഗ്യകരമായ ഒരു പരിഷ്കൃത സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണ് സ്വതന്ത്രമായി ചിന്തകളും കാഴ്ചപ്പാടുകളും പ്രകടിപ്പിക്കുക എന്നത്. ചിന്തകളുടെയും കാഴ്ചപ്പാടുകളുടെയും ആവിഷ്കാര സ്വാതന്ത്ര്യമില്ലാതെ, ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഉറപ്പുനൽകുന്ന അന്തസുള്ള ജീവിതം നയിക്കുക അസാധ്യമാണ്. ആരോഗ്യകരമായ ഒരു ജനാധിപത്യത്തിൽ, ഒരു വ്യക്തിയോ വ്യക്തികളുടെ സംഘമോ പ്രകടിപ്പിക്കുന്ന ചിന്തകളെ മറ്റൊരു കാഴ്ചപ്പാട് പ്രകടിപ്പിച്ച് കൊണ്ടാണ് നേരിടേണ്ടത്. വലിയൊരു വിഭാഗത്തിന് ഇഷ്ടമല്ലാത്ത അഭിപ്രായങ്ങൾ ആണെങ്കിൽ പോലും, അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള വ്യക്തിയുടെ അവകാശത്തെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും വേണം," കോടതി ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയെ പരിഹസിച്ച് കൊണ്ടുള്ള കൊമേഡിയൻ കുനാൽ കമ്രയുടെ പരമർശങ്ങൾക്ക് പിന്നാലെ വലിയ പ്രതിഷേധങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ കൂടിയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.