ഭിവാനി കൊലപാതകം: യുവാക്കളെ തട്ടിക്കൊണ്ടുപോയത് സർക്കാർ വാഹനത്തിൽ-റിപ്പോർട്ട്

ഹരിയാന പഞ്ചായത്ത്-വികസന വകുപ്പിനു കീഴിലുള്ള വാഹനമാണ് രാജസ്ഥാൻ പൊലീസ് പിടിച്ചെടുത്തത്

Update: 2023-02-24 15:20 GMT
Editor : Shaheer | By : Web Desk
Advertising

ചണ്ഡിഗഢ്: ഹരിയാനയിൽ പശുക്കടത്ത് ആരോപിച്ച് കൊല്ലപ്പെട്ട മുസ്‌ലിം യുവാക്കളെ തട്ടിക്കൊണ്ടുപോയത് സർക്കാർ വാഹനത്തിലെന്ന് റിപ്പോർട്ട്. ഹരിയാന സർക്കാരിനു കീഴിലെ പഞ്ചായത്ത്-വികസന വകുപ്പിന്റെ സ്‌കോർപ്പിയോ കാറിലാണ് കൊല്ലപ്പെട്ട ജുനൈദിനെയും നസീറിനെയും തട്ടിക്കൊണ്ടുപോയതെന്ന് 'ദ വയറി'ന്റെ എക്‌സ്‌ക്ലൂസീവ് റിപ്പോർട്ടിൽ പറയുന്നു.

ജുനൈദിനെയും നസീറിനെയും കാണാതായതിനെ തുടർന്ന് രാജസ്ഥാൻ പൊലീസ് അന്വേഷണവുമായി ഹരിയാനയിലെത്തിയിരുന്നു. യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഘത്തെ പിന്തുടർന്ന് ഹരിയാനയിലെ ജിന്ദിലെത്തിയ പൊലീസ് സംഘം രഹസ്യവിവരത്തെ തുടർന്ന് ഇവിടെയുള്ള ഗോരക്ഷാ കേന്ദ്രത്തിലും റെയ്ഡ് നടത്തി. പ്രതികളെ പിടികൂടാനായില്ലെങ്കിലും സമീപിത്തുനിന്ന് കാർ കണ്ടെത്തി.

എച്ച്.ആർ 70 ഡി 4177 നമ്പറിലുള്ള വെളുത്ത സ്‌കോർപ്പിയോ കാറാണ് പൊലീസ് പിടിച്ചെടുത്തത്. വാഹനത്തിനകത്ത് സീറ്റിലടക്കം രക്തത്തിന്റെ പാടുകളും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതേ വാഹനത്തിൽ ഗോരക്ഷാ സംഘത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് കാണുന്നത്. ജുനൈദ്-നസീർ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപണമുള്ള മോനു മനേസറിനൊപ്പമുള്ള വ്യക്തികളാണ് ഇതേ ചിത്രത്തിലുമുള്ളത്.

മോനു മനേസറിന്റെ യൂട്യൂബ് ചാനലിലുള്ള വിഡിയോകളിലും ഇതേ നമ്പർ സ്‌കോർപ്പിയോ കാർ കണ്ടെത്തിയിട്ടുണ്ട്. കാറിൽ ഒരാൾ തോക്കുമായി നിൽക്കുന്ന ദൃശ്യങ്ങളും വിഡിയോയിൽ കാണാം. ഇതേ വാഹനത്തിന് പൊലീസ് അകമ്പടി സേവിക്കുന്ന വിഡിയോകളും പ്രചരിക്കുന്നുണ്ട്.

ഗോപാൽഗഢ് പൊലീസ് സ്റ്റേഷൻ ഓഫിസറായ രാം നരേഷുമായി ബന്ധപ്പെട്ടപ്പോൾ കാർ മുൻപ് പഞ്ചായത്ത് വകുപ്പിനു കീഴിലുള്ളതായിരുന്നുവെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ, കാർ ലേലത്തിൽ വിറ്റതാണെന്നും ഇപ്പോൾ വാഹനത്തിന്റെ ഉടമകളെക്കുറിച്ച് വിവരമില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ടെന്ന് 'ദ വയർ' റിപ്പോർട്ടിൽ പറയുന്നു.

ഇതേ കാർ നിരവധി ഗോരക്ഷാ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ടെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി ആരോപിച്ചു. സർക്കാരിന്റെ സമ്മതത്തോടെ മാത്രമല്ല, സഹായത്തോടുകൂടിയാണ് മുസ്‌ലിംകൾക്കെതിരെ ആക്രമണം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Summary: Scorpio Car used to kidnap Junaid, Nasir belonged to Haryana govt in: Exclusive report in Bhiwani killings

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News