ഡ്രൈവിംഗ് പഠിക്കുന്നതിനിടെ അപകടം; കാറിടിച്ചു പരിക്കേറ്റ കച്ചാം ബദാം പാട്ടുകാരന്‍ ആശുപത്രിയില്‍
നെഞ്ചിന് പരിക്കേറ്റ അദ്ദേഹം ഇപ്പോൾ സൂരി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്
കച്ചാം ബദാം പാട്ടിലൂടെ വൈറലായ ഭൂപന്‍ ഭട്യാകര്‍ കാറപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. അടുത്തിടെ വാങ്ങിയ സെക്കൻഡ് ഹാൻഡ് കാർ ഓടിക്കാൻ പഠിക്കുന്നതിനിടെയാണ് സംഭവം.നെഞ്ചിന് പരിക്കേറ്റ അദ്ദേഹം ഇപ്പോൾ സൂരി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്.
കച്ചാം ബദാം എന്ന പാട്ട് ഹിറ്റായതോടെയാണ് ഭൂപന്‍ ശ്രദ്ധിക്കപ്പെടുന്നത്. ബദാം വിൽപനയ്ക്ക് ആളുകളെ ആകർഷിക്കാൻ പാടിയൊരു പാട്ട് ആരോ ഷൂട്ട് ചെയ്ത് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെ വൈറലാവുകയായിരുന്നു. ഈ പാട്ടില്ലാത്ത ഒരു റീല്‍സ് പോലും ഇന്‍സ്റ്റഗ്രാമിലില്ലാത്ത അവസ്ഥയായി. സെലിബ്രിറ്റികള്‍ വരെ കച്ചാ ബദാമിനു ചുവടുവച്ചു. പിന്നീട് ഈ ഗാനം റീമിക്സ് ചെയ്തു പുറത്തിറങ്ങിയപ്പോള്‍ 50 മില്യണ്‍ കാഴ്ചക്കാരാണ് പാട്ട് കണ്ടത്.
പശ്ചിമ ബംഗാളിലെ കുറൽജുരി ഗ്രാമത്തില്‍ നിന്നുള്ളയാളാണ് ഭൂപന്‍. ഭാര്യയും മൂന്നു മക്കളും അടങ്ങുന്നതാണ് ഭൂപന്‍റെ കുടുംബം. നിലക്കടല വിറ്റാണ് ഉപജീവനം നടത്തുന്നത്. കപ്പലണ്ടി വില്‍ക്കാനായി ദൂരസ്ഥലങ്ങളിലേക്കു വരെ ഭൂപന്‍ സൈക്കിളില്‍ പോകാറുണ്ട്. ദിവസവും മൂന്നോ നാലോ കിലോ കടല വില്‍ക്കുന്നു. അങ്ങനെ 200-250 രൂപ വരെ കടല വില്‍പനയില്‍ നിന്നും ലഭിക്കാറുണ്ട്. എന്നാല്‍ പാട്ടു വൈറലായതോടെ ഭൂപന്‍റെ ജീവിതം മാറിമറിഞ്ഞു. ഇനി കപ്പലണ്ടി വില്‍പ്പനക്കില്ലെന്ന തീരുമാനത്തിലാണ് ഭൂപന്‍. പശ്ചിമബംഗാള്‍ പൊലീസ് ഈയിടെ ഭൂപനെ ആദരിച്ചിരുന്നു.