'അത് നല്ല സ്റ്റാന്‍ഡപ്പ് കോമഡിയായിരുന്നു'; രാഹുല്‍ ഗാന്ധിയുടെ ഹിന്ദു പരാമര്‍ശത്തിനെതിരെ കങ്കണ

ഹിന്ദു മതത്തെ അപമാനിച്ച രാഹുല്‍ മാപ്പ് പറയണമെന്നും കങ്കണ ആവശ്യപ്പെട്ടു

Update: 2024-07-02 04:23 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ 'ഹിന്ദു പരാമര്‍ശ'ത്തിനെതിരെ ബി.ജെ.പി എം.പി കങ്കണ റണാവത്ത് രംഗത്ത്. ഹിന്ദു മതത്തെ അപമാനിച്ച രാഹുല്‍ മാപ്പ് പറയണമെന്നും കങ്കണ ആവശ്യപ്പെട്ടു.

ലോക്‌സഭയിൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ തൻ്റെ ആദ്യ പ്രസംഗത്തില്‍ രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു. ഭയവും വിദ്വേഷവും പ്രചരിപ്പിക്കാനുള്ളതല്ല ഹിന്ദുമതമെന്ന് പറഞ്ഞ രാഹുല്‍ ആര്‍എസ്എസും ബിജെപിയും മോദിയും എല്ലാ ഹിന്ദുക്കളുടേയും പ്രതിനിധീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഹിന്ദുവെന്ന് അവകാശപ്പെടുന്നവര്‍ അക്രമത്തെക്കുറിച്ചും വെറുപ്പിനെക്കുറിച്ചും അസത്യത്തെക്കുറിച്ചും സംസാരിക്കുന്നെന്ന് രാഹുല്‍ ആരോപിച്ചിരുന്നു. ഹിന്ദു മതം അക്രമരാഹിത്യത്തെക്കുറിച്ചും സത്യത്തോടൊപ്പം നില്‍ക്കുന്നതിനെക്കുറിച്ചുമാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാഹുലിന്‍റെ പ്രസംഗം രൂക്ഷമായ വാഗ്വാദത്തിലേക്കാണ് നയിച്ചത്. ഇതോടെ പ്രധാനമന്ത്രി മോദി വിഷയത്തില്‍ ഇടപെട്ടു. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നതാണ് പരാമര്‍ശമെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു സമൂഹമാകെ അക്രമാസക്തരെന്നാണ് രാഹുല്‍ പറഞ്ഞതെന്ന് മോദി ആരോപിച്ചു. ഇതോടെ രാഹുല്‍ മാപ്പു പറയണമെന്ന ആവശ്യവുമായി അമിത് ഷായും രംഗത്തെത്തുകയായിരുന്നു.

ഇതിനു പിന്നാലെയായിരുന്നു പാര്‍ലമെന്‍റിന് പുറത്ത് കങ്കണയുടെ പ്രതികരണം. " രാഹുൽ ഗാന്ധി നമ്മുടെ എല്ലാ ദൈവങ്ങളെയും ദേവതകളെയും കോൺഗ്രസിൻ്റെ ബ്രാൻഡ് അംബാസഡറാക്കിക്കൊണ്ട് ഒരു നല്ല സ്റ്റാൻഡപ്പ് കോമഡിയാണ് ചെയ്തത്. പരമശിവന്‍റെ കൈ കോണ്‍ഗ്രസിന്‍റെ കൈ ആണെന്നുള്ള രാഹുലിന്‍റെ വാക്കുകള്‍ കേട്ട് ഞങ്ങള്‍ കുറെയധികം ചിരിച്ചു. അല്ലാഹുവിന് വേണ്ടി കൈ ഉയർത്തുന്നവരും കോൺഗ്രസിൻ്റെ കൈകളാണെന്ന് അദ്ദേഹം പറഞ്ഞു.രാജാവിന്‍റെ മകന്‍ (രാഹുൽ ഗാന്ധി) വരുമ്പോൾ പ്രധാനമന്ത്രി മോദി അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നില്ല എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രധാന പരാതി...അത് എങ്ങനെയുള്ള സ്റ്റാൻഡ്അപ്പ് കോമഡിയാണെന്ന് നിങ്ങൾക്ക് മനസ്സിലാകും'' കങ്കണ പരിഹസിച്ചു.

"അദ്ദേഹം ദൈവത്തിൻ്റെ ചിത്രങ്ങൾ കൊണ്ടുവന്ന് മേശപ്പുറത്ത് വച്ചു, അത് എല്ലായ്പ്പോഴും ക്ഷേത്രത്തിനുള്ളിൽ സൂക്ഷിക്കണമെന്ന് ഞങ്ങൾക്കറിയാം.അദ്ദേഹം ഹിന്ദു ദൈവങ്ങളെ അപമാനിച്ചു. ഹിന്ദു മതവും അത് പിന്തുടരുന്നവരും അക്രമ സ്വഭാവമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. ഈ പരാമര്‍ശങ്ങളില്‍ അദ്ദേഹം മാപ്പ് പറയണം'' കങ്കണ കൂട്ടിച്ചേര്‍ത്തു.

ഭരണ ഘടന ഉയർത്തിയാണ് ഇന്നലെ ഒരു മണിക്കൂർ നാല്പത് മിനിറ്റ് നീണ്ട പ്രസംഗം രാഹുൽ ഗാന്ധി ആരംഭിച്ചത്. പ്രതിപക്ഷ ബഹളവും ഇടപെടലുകളും വകവയ്ക്കാതെ വിഷയങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു ആക്രമണം. ഹിന്ദുവിന്‍റെ പേരിൽ ബി.ജെ.പി അക്രമം നടത്തുകയാണെന്നും രാഹുൽ ആരോപിച്ചു. ഭയം വിതച്ച മോദിക്ക് അയോധ്യ കൃത്യമായ സന്ദേശം നൽകി. തോൽക്കുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അയോധ്യയിൽ മത്സരിക്കാനിരുന്ന മോദി പിൻമാറിയതെന്നും ഫൈസാബാദ് എം.പി അവധേഷ് പ്രസാദിന് കൈകൊടുത്ത് രാഹുൽ പറഞ്ഞു. നീറ്റ് പരീക്ഷയും അഗ്നിവീര്‍ പദ്ധതിയും മണിപ്പൂരും വിവാദ വിഷയങ്ങളില്‍ ഒന്നുപോലും വിടാതെയായിരുന്നു രാഹുലിന്‍റെ പ്രസംഗം. മോദിക്കും അമിത്ഷാക്കും മണിപ്പൂർ ഇന്ത്യയുടെ ഭാഗമല്ലേയെന്നും രാഹുൽ ചോദിച്ചിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News