കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്ക്?; രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ട്

കനയ്യ കുമാര്‍ രാഹുല്‍ ഗാന്ധിയെ രണ്ടു തവണ കണ്ടെന്നും തെരഞ്ഞെടുപ്പ് വിദഗ്ധനായ പ്രശാന്ത് കിഷോര്‍ ചര്‍ച്ചയില്‍ സന്നിഹിതനായിരുന്നുവെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Update: 2021-09-14 14:18 GMT
Advertising

ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. കനയ്യ കുമാര്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന് ടൈംസ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കനയ്യയുടെ കാര്യം കോണ്‍ഗ്രസ് ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും എന്നാണ് പാര്‍ട്ടിയിലെത്തുക എന്നത് തീരുമാനമായിട്ടില്ലെന്നും ഉന്നത കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

കനയ്യ കുമാര്‍ രാഹുല്‍ ഗാന്ധിയെ രണ്ടു തവണ കണ്ടെന്നും തെരഞ്ഞെടുപ്പ് വിദഗ്ധനായ പ്രശാന്ത് കിഷോര്‍ ചര്‍ച്ചയില്‍ സന്നിഹിതനായിരുന്നുവെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതല്‍ ദേശീയ പ്രതിച്ഛായയുള്ള നേതാക്കളെ പാര്‍ട്ടിയിലെത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് കനയ്യയെ നോട്ടമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശക്തരായ ദേശീയ നേതാക്കളുടെ അഭാവം നേരിടുന്ന കോണ്‍ഗ്രസിന് കനയ്യയുടെ വരവ് നവോന്‍മേഷം പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആസാദി മുദ്രാവാക്യത്തിലൂടെയും ഉജ്ജ്വല പ്രസംഗത്തിലൂടെയും മികച്ച ക്രൗഡ് പുള്ളറാണെന്ന് തെളിയിച്ച നേതാവാണ് കനയ്യകുമാര്‍. അതേസമയം ബിഹാറിലെ തങ്ങളുടെ സഖ്യകക്ഷിയായ ആര്‍.ജെ.ഡി ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നതില്‍ കോണ്‍ഗ്രസിന് ആശങ്കയുണ്ട്.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനയ്യ കുമാര്‍ ബിഹാറിലെ ബെഗുസാരി മണ്ഡലത്തില്‍ നിന്ന് സി.പി.ഐ ടിക്കറ്റില്‍ മത്സരിച്ചെങ്കിലും കേന്ദ്രമന്ത്രിയായ ഗിരിരാജ് സിങ്ങിനോട് പരാജയപ്പെടുകയായിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News