കർണാടക തെരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പൂർത്തിയായി; കെ.എസ് ഈശ്വരപ്പയുടെ മകന് ശിവമോഗയിൽ സീറ്റ് നിഷേധിച്ച് ബി.ജെ.പി
നാമനിർദേശ പത്രിക നൽകാനുള്ള അവസാന തീയതി ഇന്ന്
ബെംഗളൂരു: കർണാടക തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ഇന്നലെ അർദ്ധരാത്രി ആറാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി കോൺഗ്രസ് അന്തിമ സ്ഥാനാർഥിനിർണയം പൂർത്തിയാക്കി. ശിവമോഗയിൽ മുൻമന്ത്രി കെ.എസ് ഈശ്വരപ്പയുടെ മകന് സീറ്റ് നിഷേധിച്ച് ബിജെപിയും അന്തിമ സ്ഥാനാർഥി പട്ടിക ഇന്നലെ പുറത്തുവിട്ടു.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ജെഡിഎസിന്റെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഷിഗോണിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കെതിരെ പ്രഖ്യപിച്ച സ്ഥാനാർഥിയെ കോൺഗ്രസ് മാറ്റി. കോൺഗ്രസും ബിജെപിയും താര പ്രചാരകരുടെ പട്ടിക പുറത്ത് വിട്ടു.
59 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ജെഡിഎസ് പ്രഖ്യാപിച്ചത്. സി.പി.എം, എ.ഐ.എം.ഐ.എം പാർട്ടികളുമായി സഖ്യ ചർച്ചകൾ പൂർത്തിയാക്കി ബാക്കി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. ശിവമോഗയിൽ, ബിജെപിയിൽ നിന്ന് രാജിവെച്ചെത്തിയ,ലെജി സ്ലേറ്റീവ് കൗൺസിൽ മെമ്പർ അയന്നുർ മഞ്ജുനാഥന് സീറ്റ് ലഭിച്ചു. കോൺഗ്രസിന്റെ അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ബസവരാജ് ബൊമ്മെക്കെതിരെ പ്രഖ്യപിച്ച സ്ഥാനാർഥി മുഹമ്മദ് യൂസഫ് സവനൂരിന് പകരം യാസിർ അഹമ്മദ് ഖാൻ സ്ഥാനാർഥി പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് പ്രചാരണം ചൂടുപിടിക്കുന്ന പശ്ചാത്തലത്തിൽ കോൺഗ്രസും ബിജെപിയും 40 വീതം താര പ്രചാരകരുടെ പട്ടിക പുറത്ത് വിട്ടു. ബി.ജെ.പിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആതിദ്യനാഥ് എന്നിവർ പ്രചാരണത്തിന് എത്തും. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ളവർ കോൺഗ്രസിനായി പ്രചാരണം നടത്തും. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കോൺഗ്രസ് പട്ടികയിൽ ഇടം പിടിച്ചപ്പോൾ സച്ചിൻ പൈലറ്റിനെ ഒഴിവാക്കി. കെ.സി വേണുഗോപാൽ, ശശി തരൂർ , രമേശ് ചെന്നിത്തല, എന്നിവർ കേരളത്തിൽ നിന്ന് പട്ടികയിൽ ഇടം പിടിച്ചു.അതിനിടെ ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്ന ജഗദീഷ് ഷട്ടാർ രംഗത്തെത്തിയിരുന്നു.