ഹിമാചല്‍ മണ്ണിടിച്ചില്‍; മരണസംഖ്യം 13 ആയി, അറുപതോളം പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് റിപ്പോര്‍ട്ട്
പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നതായി ഐ.ടി.ബി.പി അറിയിച്ചു
ഹിമാചലിലെ കിനൗർ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 13 ആയി . അറുപതോളം ആളുകൾ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. 13 പേരെ രക്ഷപ്പെടുത്തി. ഇന്നലെയാണ് വിനോദസഞ്ചാരികൾ ഉൾപ്പെട്ട സംഘം അപകടത്തിൽ പെട്ടത്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നതായി ഐ.ടി.ബി.പി അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപയും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
ഇന്നലെ ഉച്ചക്ക് 12.45 ഓടെയാണ് റെക്കോങ് പിയോ-ഷിംല ഹൈവേയില്‍ മണ്ണിടിച്ചിലുണ്ടായത്. വലിയ പാറക്കല്ലുകള്‍ ശക്തിയോടെ വന്നും വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. 24 യാത്രക്കാരുമായി പോവുകയായിരുന്നു ഒരു ബസും മണ്ണിടിച്ചിലില്‍ കുടുങ്ങിയിരുന്നു. ബസിന്‍റെ ഡ്രൈവർ മഹീന്ദർ പാലും കണ്ടക്ടർ ഗുലാബ് സിംഗും ഉൾപ്പെടെ 13 പേരെ രക്ഷപ്പെടുത്തി പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അറുപതോളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഭയപ്പെടുന്നതായി മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കേന്ദ്രത്തിൽ നിന്ന് എല്ലാ സഹായവും ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.