വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; മെഡിക്കൽ കോളജ് പ്രിൻസിപ്പൽ രാജിവച്ചു, രാജ്യവ്യാപക പ്രതിഷേധം തുടരുന്നു

വെള്ളിയാഴ്ചയാണ് മെഡിക്കൽ കോളജിലെ സെമിനാർ ഹാളിൽ വിദ്യാർഥിയുടെ മൃതദേഹം കണ്ടത്

Update: 2024-08-12 06:45 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊല്‍ക്കത്ത: കൊല്‍ക്കത്ത ആര്‍.ജി. കര്‍ മെഡിക്കല്‍ കോളജില്‍ പി.ജി. വിദ്യാര്‍ഥി പീഡനത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധം ശക്തമാകുന്നു. റസിഡന്‍റ് ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക് തുടരുകയാണ്. പ്രതിഷേധത്തിനിടെ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.സന്ദീപ് ഘോഷ് രാജിവച്ചു. വെള്ളിയാഴ്ചയാണ് മെഡിക്കൽ കോളജിലെ സെമിനാർ ഹാളിൽ വിദ്യാർഥിയുടെ മൃതദേഹം കണ്ടത്. പ്രതി സഞ്ജയ് റായിയയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സോഷ്യൽ മീഡിയയിലെ നിരന്തരമായ വിമർശനങ്ങളും തൻ്റെ പേരിൽ നടക്കുന്ന രാഷ്ട്രീയ പ്രസ്താവനകളും രാജിയിലേക്ക് നയിച്ചെന്ന് ഡോ. ഘോഷ് പറഞ്ഞു. തനിക്ക് ഈ അപമാനം സഹിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദാരുണമായ സംഭവത്തിന് ശേഷം കൊല്ലപ്പെട്ട ഡോക്ടറെ കുറ്റപ്പെടുത്തി എന്ന് ആരോപിക്കപ്പെട്ട ഡോ. ഘോഷ്, താൻ അത്തരമൊരു പരാമർശം നടത്തിയിട്ടില്ലെന്ന് നിഷേധിച്ചു."മരിച്ച പെൺകുട്ടി എൻ്റെ മകളെപ്പോലെയായിരുന്നു. ഞാനും ഒരു രക്ഷിതാവാണ്. ഒരു രക്ഷിതാവ് എന്ന നിലയിൽ ഞാൻ രാജിവയ്ക്കുന്നു," അദ്ദേഹം പറഞ്ഞു. അതേസമയം, പശ്ചിമ ബംഗാൾ സർക്കാർ പ്രൊഫസർ ഡോ. ബുൾബുൾ മുഖോപാധ്യായയെ പുതിയ മെഡിക്കൽ സൂപ്രണ്ടും വൈസ് പ്രിൻസിപ്പലുമായും നിയമിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ നെഞ്ചുരോഗ വിഭാഗത്തില്‍ പി.ജി. ട്രെയിനിയായ വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്.

വെള്ളിയാഴ്ച രാവിലെ കോളേജിലെ സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ധനഗ്‌നമായ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമായ ലൈംഗികപീഡനവും സ്ഥിരീകരിച്ചതോടെ സംഭവത്തില്‍ വന്‍ പ്രതിഷേധമാണുയര്‍ന്നത്. ഇതിനുപിന്നാലെയാണ് ക്രൂരകൃത്യം നടത്തിയ, പൊലീസിന്റെ സിവിക് വൊളണ്ടിയര്‍ ആയ സഞ്ജയ് റോയ് പൊലീസിന്‍റെ പിടിയിലായത്. സംഭവത്തില്‍ ആർജി മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. പ്രതി സഞ്ജയ് റോയ് മദ്യപിച്ച് അശ്ലീല ചിത്രങ്ങൾ കാണുന്നതിന് അടിമയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News