ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസ്: പ്രതി വീട്ടിലെത്തി വസ്ത്രങ്ങളലക്കിയിട്ടു; നിർണായകമായത് ഷൂവിലെ രക്തക്കറ

വെള്ളിയാഴ്ച രാവിലെയാണ് ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ പി.ജി ഡോക്ടറായ യുവതി അതിക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്

Update: 2024-08-12 04:40 GMT
Editor : Lissy P | By : Web Desk
Advertising

കൊൽക്കത്ത: കൊൽക്കത്തയിലെ ആശുപത്രിക്കുള്ളിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ നിർണായകമായത് പ്രതിയുടെ ഷൂവിലുണ്ടായിരുന്ന രക്തക്കറയെന്ന് പൊലീസ്. തെളിവ് നശിപ്പിക്കാനായി പ്രതി സഞ്ജയ് റോയ് കുറ്റകൃത്യം നടത്തിയ സമയത്ത് ധരിച്ച വസ്ത്രങ്ങളെല്ലാം വീട്ടിലെത്തി അലക്കിയിട്ടിരുന്നു.

'കുറ്റകൃത്യത്തിന് ശേഷം, പ്രതി താൻ താമസിച്ചിരുന്ന സ്ഥലത്തേക്ക് മടങ്ങി, വെള്ളിയാഴ്ച പുലർച്ചെ വരെ ഉറങ്ങി, ഉറക്കമുണർന്ന ശേഷം, തെളിവ് നശിപ്പിക്കാൻ കുറ്റകൃത്യ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ കഴുകിയിട്ടു.എന്നാൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഷൂവിൽ രക്തക്കറ കണ്ടെത്തിയത്. ഇത് കേസിൽ നിർണായകമായെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.

വെള്ളിയാഴ്ച രാവിലെയാണ് ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ പി.ജി ഡോക്ടറായ യുവതി അതിക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. കോളജിലെ സെമിനാർ ഹാളിനുള്ളിൽ അർധനഗ്നമായ നിലയിലായിരുന്നു ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിലാകെ മുറിവേറ്റ നിലയിലായിരുന്നു.

അതേസമയം, കുറ്റകൃത്യത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതിന് തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അന്തിമ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അന്വേഷണം സുതാര്യമാണെന്നും കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും സിറ്റി പൊലീസ് കമ്മീഷണർ വിനീത് ഗോയൽ അഭ്യർഥിച്ചു.

കൊല്ലപ്പെട്ട ഡോക്ടറുടെ കണ്ണിൽ നിന്നും വായിൽ നിന്നും സ്വകാര്യ ഭാഗങ്ങളിൽ നിന്നും രക്തം വന്നിരുന്നതായും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇടത് കാൽ, കഴുത്ത്, വലതു കൈ, മോതിര വിരൽ, ചുണ്ടുകൾ എന്നിവയിലും മുറിവുകളുണ്ടായിരുന്നു. ഡോക്ടറെ കൊലപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്യാനുള്ള സാധ്യതയാണ് സാഹചര്യത്തെളിവുകൾ സൂചിപ്പിക്കുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

അതിനിടെ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ വേഗത്തിൽ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ജൂനിയർ ഡോക്ടർമാരുടെ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധം സർക്കാർ ആശുപത്രികളിലെ സേവനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്.

വിവിധ സർക്കാർ ആശുപത്രികളിലെ ജൂനിയർ ഡോക്ടർമാർ, ഹൗസ് സ്റ്റാഫ്, പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനികൾ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ സുരക്ഷ ഉറപ്പാക്കുക,ഇരക്ക് ഉടൻ നീതി ലഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് ഇവർ അറിയിച്ചു. സമരം ശക്തമായ സാഹചര്യത്തിൽ ഞായറാഴ്ച എല്ലാ മുതിർന്ന ഡോക്ടർമാരുടെയും അവധിയും സംസ്ഥാന ആരോഗ്യ വകുപ്പ് റദ്ദാക്കിയിരുന്നു.

അതേസമയം, കൊലപാതകം നടന്ന ആശുപത്രിയിൽ വൻ പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.തിരിച്ചറിയൽ രേഖയില്ലാതെ ആരെയും ആശുപത്രി പരിസരത്ത് പ്രവേശിപ്പിക്കില്ലെന്നും മെഡിക്കൽ സ്ഥാപനത്തിലെ ആരോഗ്യ പ്രവർത്തകരുടെ പൂർണ സുരക്ഷ ഉറപ്പാക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.  പ്രതിക്ക് വധശിക്ഷ നൽകുമെന്ന് കഴിഞ്ഞദിവസം പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News