സുവേന്ദു അധികാരിയെ അറസ്റ്റു ചെയ്യരുതെന്ന് കൊൽക്കത്ത ഹൈക്കോടതി

ബംഗാൾ സിഐഡി സമൻസ് നോട്ടീസ് അയച്ച കേസിലോ ഇതര കേസുകളിലോ അറസ്റ്റ് ചെയ്യരുതെന്നാണ് വിധി

Update: 2021-09-06 11:23 GMT
Advertising

കൊൽക്കത്ത: 2018 ൽ സെക്യൂരിറ്റി ജീവനക്കാരൻ വെടിയേറ്റു മരിച്ച കേസിൽ ബംഗാൾ കിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്‌മെൻറ് (സിഐഡി) സമൻസയച്ച പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ അറസ്റ്റ് ചെയ്യരുതെന്ന് കൊൽക്കത്ത ഹൈക്കോടതി. ഇദ്ദേഹത്തിനെതിരെയുള്ള മൂന്നു കേസുകളിലും കോടതിയുടെ സമ്മതമില്ലാതെ അറസ്റ്റ് പാടില്ലെന്നാണ് ഉത്തരവ്.

മമത ബാനർജിയുടെ മുൻ സഹചാരിയായ സുവേന്ദുവിനോട് ഇന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്‌മെൻറ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ബിജെപിയോടൊപ്പം ചേർന്ന സുവേന്ദു ചോദ്യം ചെയ്യലിന് ഹാജരാകാതെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സുരക്ഷാ ജീവനക്കാരന്റെ മരണം ആത്മഹത്യയാണെന്നോ കൊലപാതകമായിരുന്നേയെന്നാണ് സിഐഡി പരിശോധിക്കുന്നത്.

തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാവും മുഖ്യമന്ത്രി മമതയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയെ കൽക്കരി കള്ളക്കടത്ത് ഇടപാടിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് വിളിപ്പിച്ച അതേ ദിവസമാണ് സുവേന്ദു അധികാരിക്ക് സിഐഡി സമൻസ് അയച്ചത്. തൃണമൂൽ ജനറൽ സെക്രട്ടറിയായ അഭിഷേക് ഇന്നലെ ഡൽഹിയിലേക്ക് പോയിട്ടുണ്ട്. കൂടെ വിളിപ്പിക്കപ്പെട്ട ഭാര്യ രുചിരാ ബാനർജി ചെറിയ മക്കളുള്ളതിനാൽ കൂടെ പോയിട്ടില്ല.

2016-20 കാലയളവിൽ ഗതാഗത മന്ത്രിയായിരുന്ന അധികാരി 2020 നവംബറിലാണ് തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ മത്സരിച്ച അധികാരി മമത ബാനർജിയെ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ മറ്റിടങ്ങളിൽ തൃണമൂൽ വൻ വിജയം നേടി, ഭരണത്തിലെത്തുകയായിരുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News