ഖുശ്ബു ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കും; ജെ.പി നഡ്ഡക്ക് കത്തയച്ചു
ആരോഗ്യപ്രശ്‌നങ്ങൾ മൂലമാണ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്മാറുന്നതെന്നാണ് വിശദീകരണം.
ചെന്നൈ: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ച് നടി ഖുശ്ബു. ആരോഗ്യപ്രശ്‌നങ്ങൾ മൂലമാണ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്മാറുന്നതെന്നാണ് വിശദീകരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി അവര്‍ ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്ക് കത്തയച്ചു.
2019ൽ ഡൽഹിയിൽ വെച്ചുണ്ടായ അപകടത്തിലെ പരിക്കിൽ നിന്നും ഇതുവരെ പൂർണമായി മുക്തയായിട്ടില്ലെന്നും ഇപ്പോള്‍ തുടർ ചികിത്സകളിലാണെന്നും ജെ.പി നഡ്ഡയ്ക്ക് അയച്ച കത്തില്‍ ഖുശ്ബു പറഞ്ഞു. യാത്രകൾ ഒഴിവാക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശമെന്നും പ്രചാരണങ്ങളിൽ സജീവമാകാൻ കഴിയാത്തതിൽ വിഷമമുണ്ടെന്നും ഖുശ്ബു കത്തിൽ ചൂണ്ടികാട്ടി.
നരേന്ദ്രമോദി മൂന്നാം തവണയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോള്‍ സത്യാപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി താന്‍ ഡല്‍ഹിയില്‍ എത്തുമെന്ന ശുഭപ്രതീക്ഷയും ഖുശ്ബു പങ്കുവെക്കുന്നു.
കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ എത്തിയതിന് പിന്നാലെ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെന്നൈ തൗസന്‍ഡ് ലൈറ്റ്‌സ് മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ഖുശ്ബു മത്സരിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും സീറ്റ് ലഭിച്ചില്ല.
പിന്നാലെ ബി.ജെ.പിയുടെ തമിഴ്നാട്ടിലെ ആദ്യഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ താരം പങ്കെടുത്തിരുന്നില്ല. പിന്നീട് പ്രധാനപ്പെട്ട ചില മണ്ഡലങ്ങളില്‍ പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ പൂര്‍ണമായും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി ഖുശ്ബു ബി.ജെ.പി ദേശീയ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.