ജുമുഅ ഖുതുബക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന് ഛത്തീസ്ഗഢ് വഖഫ് ബോർഡ്

അടുത്ത വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.

Update: 2024-11-19 15:22 GMT
Advertising

റായ്പൂർ: ഛത്തീസ്ഗഢിലെ മുസ്‌ലിം പള്ളികളിൽ ജുമുഅ ഖുതുബ(വെള്ളിയാഴ്ച പ്രഭാഷണം)ക്ക് മുൻകൂർ അനുമതി വാങ്ങണമെന്ന് ഛത്തീസ്ഗഢ് വഖഫ് ബോർഡ്. അടുത്ത വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ജുമുഅ പ്രഭാഷണത്തിലെ വിഷയങ്ങൾ നിരീക്ഷിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് ഛത്തീസ്ഗഢ്.

ഛത്തീസ്ഗഢിലെ എല്ലാ പള്ളികളും സംസ്ഥാന വഖഫ് ബോർഡിന്റെ നിയന്ത്രണത്തിലാണ്. ഈ ഉത്തരവ് വാട്‌സ്ആപ്പിലൂടെ എല്ലാ പള്ളികൾക്കും നൽകിയിട്ടുണ്ടെന്ന് വഖഫ് ബോർഡ് ചെയർമാനും ബിജെപി ന്യൂനപക്ഷ സെൽ മേധാവിയുമായ സലിം രാജ് പറഞ്ഞു. സംസ്ഥാനത്തെ 3800 പള്ളികൾക്ക് ഈ നിർദേശം അടങ്ങിയ കത്ത് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വഖഫ് ബോർഡ് സംസ്ഥാനത്തെ എല്ലാ പള്ളികളുടെയും മേധാവികളെ ഉൾപ്പെടുത്തി ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. എല്ലാ ഇമാമുമാരും ഖുതുബയുടെ വിഷയം മുൻകൂട്ടി അറിയിക്കണം. വഖഫ് ബോർഡ് നിയോഗിച്ച ഉദ്യോഗസ്ഥൻ പ്രസംഗത്തിന്റെ വിഷയം പരിശോധിക്കും. അദ്ദേഹം അനുമതി നൽകിയാൽ മാത്രമേ ഇമാമിന് പള്ളിയിൽ ഈ വിഷയം സംസാരിക്കാൻ സാധിക്കുകയുള്ളൂ.

പള്ളിയിൽ രാഷ്ട്രീയ വിഷയങ്ങൾ പറയാൻ അനുവദിക്കില്ലെന്നും മതപരമായ കാര്യങ്ങൾ മാത്രമേ അനുവദിക്കുകയുള്ളൂ എന്നും വഖഫ് ബോർഡ് ചെയർമാൻ പറഞ്ഞു. ആർക്ക് വോട്ട് ചെയ്യണമെന്നും ആർക്ക് വോട്ട് ചെയ്യരുതെന്നും പറയാൻ പള്ളികൾ ഉപയോഗിക്കുന്നത് ദൗർഭാഗ്യകരമാണ്. അവർ ഇസ്‌ലാമിനെക്കുറിച്ചാണ് സംസാരിക്കേണ്ടത്. രാഷ്ട്രീയം രാഷ്ട്രീയക്കാർക്ക് വിട്ടുകൊടുക്കണമെന്നും സലിം രാജ് പറഞ്ഞു.

വഖഫ് ബോർഡ് നിർദേശത്തിനെതിരെ കോൺഗ്രസും എഐഎംഐഎമ്മും രംഗത്തെത്തി. വഖഫ് ബോർഡ് തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി പറഞ്ഞു. തന്റെ മതം ആചരിക്കാൻ ബിജെപി സർക്കാരിന് കീഴിലുള്ള വഖഫ് ബോർഡിന്റെ അനുമതി വേണോ? വഖഫ് ബോർഡിന് അത്തരം അധികാരങ്ങളില്ല. അങ്ങനെയുണ്ടെങ്കിൽ അത് ഭരണഘടനയുടെ ആർട്ടിക്കിൾ 25ന്റെ ലംഘനമാണെന്നും ഉവൈസി പറഞ്ഞു.

വഖഫ് ബോർഡ് വഖഫ് സ്വത്ത് സംരക്ഷിക്കാൻ വേണ്ടിയുള്ള ഒരു സംവിധാനം മാത്രമാണ്. പണ്ഡിതൻമാരോ മുതവല്ലിമാരോ പള്ളിയിൽ എന്ത് പറയണമെന്ന് നിർദേശിക്കാൻ വഖഫ് ബോർഡിന് അധികാരമില്ല. ഇത് ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനും മതം ആചരിക്കാനുള്ള അവകാശത്തിനും എതിരാണെന്നും കോൺഗ്രസ് വക്താവ് സുശീൽ ആനന്ദ് ശുക്ല പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News