'ഒറ്റപ്പെടൽ മടുത്തു'; ഇണയെത്തേടി കടുവ യാത്ര ചെയ്തത് 300 കിലോമീറ്റർ

മഹാരാഷ്ട്രയിലെ രണ്ട് ജില്ലകൾ കടന്ന കടുവ നിലവിൽ തെലങ്കാനയിലാണ്

Update: 2024-11-19 13:01 GMT
Editor : ശരത് പി | By : Web Desk
Advertising

തെലങ്കാന: ഒരിണയെത്തേടി 300 കിലോമീറ്റർ യാത്ര ചെയ്ത കടുവയുടെ വാർത്തയാണ് നിലവിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മഹാരാഷ്ട്രയിൽ തുടങ്ങിയ തിരച്ചിൽ നിലവിൽ എത്തിയിരിക്കുന്നത് തെലങ്കാനയിലാണ്. മഹാരാഷ്ട്രയിലെ ടിപേശ്വർ വന്യജീവി സങ്കേതത്തിലെ ജോണി എന്ന കടുവയാണ് ഒരിണയെത്തേടി 300 കിലോമീറ്ററും കടന്ന് മറ്റൊരു സംസ്ഥാനത്തിലെത്തിയത്.

നന്ദഡ് ജില്ലയിലെ കിനവത്ത് താലൂക്കിലാണ് ടിപേശ്വർ സങ്കേതത്തിന്റെ കിഴക്കെ അതിർത്തിയുള്ളത്. ഒക്ടോബർ പകുതിയോടെ ജോണിയെ വനാതിർത്തി മേഖലയിൽ കണ്ടതിനാൽ വനംവകുപ്പ് ജോണിയെ കഴുത്തിൽ സ്ഥാപിച്ച കോളർ വഴി നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ജോണി സങ്കേതത്തിൽ നിന്നും ഇറങ്ങി ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടത്. അൽപദൂരം സഞ്ചരിച്ച് കടുവ തിരിച്ച് വനത്തിൽ കയറുമെന്ന് പ്രതീക്ഷിച്ചെങ്കിലും വനത്തിലേക്ക് തിരിക്കാതെ ജോണി സങ്കേത്തിൽ നിന്ന് കൂടുതൽ ദൂരേയ്ക്ക് സഞ്ചരിക്കുകയായിരുന്നു.

 ദിവസങ്ങൾക്കുള്ളിൽ തൊട്ടടുത്ത ജില്ലയായ നിർമലിൽ കടന്ന ജോണി കുന്തള, സാരംഗപൂർ, മമഡ, പെമ്പി എന്നീ പ്രദേശങ്ങൾ കടന്നു. തുടർന്ന് തെലങ്കാന ആദിലാബാദ് ജില്ലയിലെത്തിയ കടുവ ഹൈദരാബാദ് - നാഗ്പൂർ ദേശീയപാത കടന്ന് തിരിയാനി ഭാഗത്തേക്ക് പോകുകയാണെന്നാണ് വനംവകുപ്പ് കരുതുന്നത്. പ്രദേശത്ത് പുതുതായി എത്തിയ പെൺകടുവയുടെ മണം പിന്തുടർന്നാണ് ജോണി പൊയ്‌ക്കൊണ്ടിരിക്കുന്നതെന്നാണ് വനംവകുപ്പിന്റെ നിഗമനം.

എട്ട് വയസുള്ള ജോണി ടിപേശ്വർ വന്യജീവി സങ്കേതത്തിലെ പ്രധാന കടുവകളിലൊന്നാണ്. 143 കിലോമീറ്റർ മാത്രം ചുറ്റളവുള്ള ടിപേശ്വരിൽ 20ന് മുകളിൽ കടുവകളാണുള്ളത്. ഒരു ആൺകടുവയ്ക്ക് സ്വസ്ഥമായി ജീവിക്കാൻ 300  കിലോമീറ്റർ വേണമെന്നിരിക്കെ സങ്കേതത്തിലെ സ്ഥലക്കുറവ് കടുവകളെ ഗുരുതരമായി ബാധിക്കുന്നുണ്ട്. സങ്കേതത്തിന്റെ വലിപ്പക്കുറവ് കാരണം മറ്റ് ആൺകടുവകളുമായി തുടരെ തുടരെയുണ്ടാകുന്ന സംഘർഷവും പെൺകടുവകളുടെ കുറവും കടുവകൾ നേരിടുന്നുണ്ട്.

ശൈത്യകാലത്താണ് കടുവകളുടെ ഇണചേരൽ കാലം. ഈ കാലഘട്ടങ്ങളിൽ ആൺകടുവകൾ ഇണയെ തേടി വളരേയധികം ദൂരം സഞ്ചരിക്കാരുമുണ്ട്. 100 കിലോമീറ്റർ ദൂരെയുള്ള പെൺകടുവകളുടെ ഗന്ധം വരെ ഇണചേരൽ കാലത്ത് തിരിച്ചറിയാൻ ആൺകടുവകൾക്ക് സാധിക്കാറുണ്ട്. എന്നാൽ 300 കിലോമീറ്റർ ദൂരെയുള്ള മറ്റൊരു പ്രദേശത്തേക്ക് ഒരു കടുവ സഞ്ചരിക്കുന്നത് അപൂർവമാണ്. യാത്രാമധ്യേ പല ഗ്രാമങ്ങളിൽ നിന്നും ജോണി വ്യത്യസ്ത അവസരങ്ങളിൽ അഞ്ച് കന്നുകാലികളെ കൊലപ്പെടുത്തുകയും കുറേയേറെ പശുക്കളെ വേട്ടയാടാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.

ഇണയെ തിരയുന്ന കടുവകൾ മനുഷ്യർക്ക് നേരെ ആക്രമണ സ്വഭാവം കാണിക്കാറില്ലെന്നാണ് വനംവകുപ്പിന്റെ ഉറപ്പ്. എന്നാൽ കടുവയെ ജനവാസമേഖലയിൽ കാണാനിടയായാൽ ഒരിക്കലും ഇടപഴകാൻ ചെല്ലരുതെന്നും വനംവകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.

സഞ്ചരിക്കുന്നതിനിടെ ജോണിക്ക് പെൺകടുവയുടെ ഗന്ധം കിട്ടുകയായിരുന്നെന്നും തിരിയാനി സ്ഥിതി ചെയ്യുന്ന കാവൽ കടുവ സങ്കേതത്തിലേക്ക് തുടർന്ന് പോകാനുള്ള സാധ്യതയുണ്ടെന്നും വനംവകുപ്പ് കണക്കുകൂട്ടുന്നുണ്ട്. കാവൽ കടുവ സങ്കേതത്തിലേക്ക് ജോണി വരുന്നത് കടുവ സങ്കേതത്തിന്റെ കടുവകളുടെ എണ്ണത്തിൽ ഗണ്യമായ വളർച്ചയ്ക്ക് പങ്കുവഹിച്ചേക്കുമെന്നാണ് നിഗമനം.

ഇന്ത്യയിലെ പല വനമേഖലകളിലും കടുവകളുടെ എണ്ണം പ്രദേശത്തിന് അനുയോജ്യമായ നിലയിലല്ല.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News