ഹരിയാനയിലെ ആൾക്കൂട്ടക്കൊല: യുവാവ് കഴിച്ചത് ബീഫല്ലെന്ന് ലാബ് റിപ്പോർട്ട്

ബീഫ് കഴിച്ചെന്നാരോപിച്ചാണ് കഴിഞ്ഞ ആഗസ്റ്റിൽ സാബിർ മാലിക്കിനെ ഗോരക്ഷാ ഗുണ്ടകൾ തല്ലിക്കൊന്നത്

Update: 2024-10-26 13:05 GMT
Advertising

ഗുഡ്ഗാവ്: ഹരിയാനയിൽ ബീഫ് കഴിച്ചെന്നാരോപിച്ച് യുവാവിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ. യുവാവിന്റെ കൈവശമുണ്ടായിരുന്നത് ബീഫല്ലെന്ന് ലാബ് റിപ്പോർട്ടിൽ പറയുന്നു. ഫരീദാബാദിലെ ലാബിൽനിന്നുള്ള റിപ്പോർട്ടാണ് പറുത്തവന്നതെന്ന് ഡിഎസ്പി ഭരത് ഭൂഷൺ വ്യക്തമാക്കി. ആഗസ്റ്റ് 27നാണ് ചർകി ദാദ്രിയിലെ ഭദ്രയിൽ 26കാരനായ സാബിർ മാലിക്കിനെ ആൾ​ക്കൂട്ടം കൊലപ്പെടുത്തിയത്.

വെസ്റ്റ് ബംഗാൾ സ്വദേശിയായ സാബിർ മാലിക് ഭദ്രയിൽ ആക്രികച്ചവടക്കാരനായിരുന്നു. ഇയാൾ ബീഫ് കഴിച്ചുവെന്നാരോപിച്ച് ഗോരക്ഷാ ഗുണ്ടകൾ മർദിക്കുകയായിരുന്നുവെന്നാണ് കേസ്. മർദനത്തിനിടെ ഇയാൾ മരിക്കുകയും അസറുദ്ദീൻ എന്ന യുവാവിന് പരിക്കേൽക്കുകയും ചെയ്തു.

സംഭവദിവസം അഭിഷേക്, മോഹിത്, രവീന്ദർ, കമൽജിത്ത്, സാഹിൽ എന്നിവർ കാലി പ്ലാസ്റ്റിക് കുപ്പികൾ വിൽക്കാനെന്ന വ്യാജേന സാബിറിനെ ഒരു കടയിലേക്ക് വിളിച്ചുവരുത്തിയ ശേഷം ക്രൂരമായി മർദിക്കുകയായിരുന്നു. ആക്രമണം കണ്ട് ചിലർ ഇടപെട്ടതോടെ, സാബിറിനെ സംഘം മറ്റൊരിടത്തേക്ക് കൊണ്ടുപോവുകയും ആക്രമണം തുടരുകയും ഇത് മരണത്തിലേക്ക് നയിക്കുകയും ചെയ്തു. സാബിറി​ന്റെ കൂടെ ഭാര്യ ഷക്കീന സർദാർ മാലികും മകളും ഉണ്ടായിരുന്നു. സംഭവശേഷം ഇവർ പശ്ചിമ ബംഗാളിലേക്ക് മടങ്ങിപ്പോയി.

സംഭവത്തിൽ 10 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഡിഎസ്പി ഭരത് ഭൂഷൺ പറഞ്ഞു. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഭദ്രയിൽ അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽനിന്നായി നിരവധി മുസ്‍ലിം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവർക്ക് നേരെ പലപ്പോഴും ‘ബംഗ്ലാദേശികൾ’ എന്നാരോപിച്ച് ഹിന്ദുത്വ സംഘടനകൾ അതിക്രമം കാണിക്കാറുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ ഈ കുടുംബങ്ങൾ മാംസാഹരങ്ങൾ കഴിക്കുന്നതിനെയും ഇവർ സംശയത്തോടെയാണ് കാണുന്നത്. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News