ലഖിംപൂർ ഖേരി ബലാത്സംഗം, കൊലപാതകം: ദേശീയ സുരക്ഷാ നിയമം ചുമത്തിയേക്കും

പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകിയിരുന്നു

Update: 2022-09-17 01:21 GMT
Advertising

ലഖ്നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ ദലിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ആറ് പേർക്കെതിരെ കർശന നടപടിയുമായി പൊലീസ്. പ്രതികൾക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയേക്കും. ഛോട്ടു, ജുനൈദ്, സൊഹൈൽ, ഹഫീസ്, ആരിഫ്, കരീമുദ്ദീൻ എന്നിവർക്കെതിരെയാണ് നിയമം ചുമത്തിയേക്കുക. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകിയിരുന്നു. പ്രതികളുടെയും പെൺകുട്ടികളുടെയും ഡിഎൻഎ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കും. പ്രതികൾ പ്രായപൂർത്തിയാകാത്താവരാണെന്ന വാദം തെറ്റാണെന്ന് പൊലീസ് പറഞ്ഞു.

കൊലപാതക കേസ് അതിവേഗ കോടതി പരിഗണിക്കണമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. വിചാരണ ഒരു മാസത്തിനകം പൂർത്തിയാക്കണമെന്നും യോഗി പറഞ്ഞു. കേസിൽ അറസ്റ്റിലായ ആറ് പ്രതികളെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ലഖിംപൂർ ഖേരിയിൽ പതിനേഴും പതിനഞ്ചും വയസ്സായ ദലിത് സഹോദരിമാരെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പ്രായപൂർത്തിയാകാത്ത രണ്ടു പേരുൾപ്പടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബലാത്സംഗത്തിന് ഇരയായ കുട്ടികൾ വിവാഹം ചെയ്യാൻ ആവശ്യപ്പെട്ടതോടെ പ്രതികൾ ഇവരെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. പ്രതികളെല്ലാവരും പ്രദേശവാസികൾ തന്നെയാണെന്നാണ് റിപ്പോർട്ട്.

പെൺകുട്ടികളുടെ അയൽവാസികളായ ഛോട്ടുവാണ് സുഹൃത്തുക്കളായ ജുനൈദ്, സൊഹൈൽ, ഹഫീസുൾ എന്നിവരെ പെൺകുട്ടികൾക്ക് പരിചയപ്പെടുത്തിയത്. എന്നാൽ കുറ്റകൃത്യം നടക്കുമ്പോൾ ഇയാൾ ഉണ്ടായിരുന്നില്ല. കൊലപാതകം നടത്തിയ മൂന്നുപേരും അവരെ സഹായിച്ച രണ്ടുപേരും പെൺകുട്ടികളുടെ അടുത്തുള്ള ഗ്രാമത്തിൽ നിന്നുമുള്ളവരാണെന്ന് പൊലീസ് സൂപ്രണ്ട് സൻജീവ് സുമൻ പറഞ്ഞു. പ്രതികളിലൊരാളെ എൻകൗണ്ടറിലൂടെയാണ് പിടികൂടിയത്. ഇന്ന് രാവിലെ പൊലീസുമായി ഏറ്റുമുട്ടലുണ്ടാകുകയും ഇയാളുടെ കാലിൽ വെടിവെച്ചെന്നും പൊലീസ് പറയുന്നു. അറസ്റ്റിലായ ആറ് പേർക്കെതിരെയും കൊലപാതകം, ബലാത്സംഗം, പോസ്‌കോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

പെൺകുട്ടികളുമായി സൗഹൃദത്തിലായിരുന്ന മൂന്ന് പേർ അവരെ മോട്ടോർ ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നുവെന്ന് എസ്.പി മാധ്യമപ്രവർത്തകരോട് പറഞ്ഞു. അവരെ ബലമായി തട്ടിക്കൊണ്ടുപോയതെന്നായിരുന്നു പെൺകുട്ടികളുടെ മാതാവ് പൊലീസിന് നൽകിയ പരാതി. എന്നാൽ അവർ സുഹൃത്തുക്കളായതിനാൽ പുരുഷന്മാരെ പെൺകുട്ടികൾ വിശ്വാസത്തിലെടുത്തിരുന്നെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

സൗഹൃദം മുതലെടുത്താണ് പെൺകുട്ടികളെ ബലാത്സംഗം ചെയ്തത്. എന്നാൽ പെൺകുട്ടികൾ വിവാഹം കഴിക്കണമെന്ന് പറഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ദുപ്പട്ട ഉപയോഗിച്ച് അവരെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. പിന്നീട് സുഹൃത്തുക്കളെ വിളിച്ചുവരുത്തി മരത്തിൽ കെട്ടിത്തൂക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു.

മൂന്ന് ഡോക്ടർമാരുടെ വിദഗ്ധ സമിതിയാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്. ഇരകളുടെ കുടുംബത്തിലെ ചില അംഗങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യുന്നിടത്ത് നിൽക്കാൻ അനുവദിക്കുമെന്നും എസ്.പി പറഞ്ഞു. കുടുംബത്തിന് നീതി ഉറപ്പാക്കും. കഴിഞ്ഞ ദിവസം ഇരകളുടെ കുടുംബവുമായി പൊലീസുകാർ തർക്കത്തിലേർപ്പെട്ടുവെന്ന റിപ്പോർട്ടുകളും അദ്ദേഹം നിഷേധിച്ചു.


Full View

Lakhimpur Kheri rape, murder: National Security Act likely to be imposed

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News