ആദ്യം നിരോധിക്കേണ്ടത് ആർഎസ്എസിനെ: ലാലുപ്രസാദ് യാദവ്

എല്ലാ സംഘടനകളുടെയും പ്രവർത്തനം സംബന്ധിച്ച് കൃത്യമായ അന്വേഷണമുണ്ടാവണമെന്നും ലാലുപ്രസാദ് യാദവ്‌

Update: 2022-09-28 12:00 GMT
Advertising

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിൽ പ്രതികരണവുമായി രാഷ്ട്രീയ ജനതാദൾ പാർട്ടി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവ്. ഏറ്റവുമാദ്യം നിരോധിക്കേണ്ട സംഘടന ആർഎസ്എസ് ആണെന്നും പിഎഫ്‌ഐ പോലുള്ള എല്ലാ സംഘടനകളെയും നിരോധിക്കണമെന്നും ലാലു പ്രസാദ് യാദവ് പ്രതികരിച്ചു.

"ആദ്യം നിരോധിക്കേണ്ട സംഘടന ആർഎസ്എസാണ്. അതാണ് ഏറ്റവും വഷളായ സംഘടന. തീവ്ര ഹിന്ദുത്വ നിലപാടുള്ള സംഘടനയാണത്. അത്തരത്തിലുള്ള എല്ലാ സംഘടനകളുടെയും പ്രവർത്തനം സംബന്ധിച്ച് കൃത്യമായ അന്വേഷണമുണ്ടാവണം. പിഎഫ്‌ഐ പോലുള്ള എല്ലാ സംഘടനകളെയും നിരോധിക്കേണ്ടതുണ്ട്". അദ്ദേഹം പറഞ്ഞു.

തേജസ്വി യാദവിന് ബിഹാർ ഭരിക്കാനാവുമോ എന്ന ചോദ്യത്തിന് തീർച്ചയായും കഴിയും എന്നായിരുന്നു ലാലുപ്രസാദ് യാദവിന്റെ ഉത്തരം. എല്ലാം സമയത്തിനനുസരിച്ച്‌ നടക്കുമെന്നും ബിജെപിയെ തീർച്ചയായും തോൽപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലാലു പ്രസാദ് യാദവിന് ചികിത്സയ്ക്കായി വിദേശത്ത് പോകാൻ ഡൽഹി റോസ് അവന്യൂ കോടതി അനുമതി നൽകിയിട്ടുണ്ട്‌. ഒക്ടോബർ 10മുതൽ 25 വരെ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് പോകാനാണ് അനുമതി. നിലവിൽ ഐആർസിടിസി അഴിമതിക്കേസിൽ സിബിഐ,ഇഡി കേസുകളിൽ ജാമ്യത്തിലാണ് ലാലു പ്രസാദ് യാദവ്.

ഇന്ന് രാവിലെയാണ് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് കേന്ദ്ര സർക്കാർ നിരോധനമേർപ്പെടുത്തിയത്. അഞ്ച് വർഷത്തേക്കാണ് നിരോധനം. സംഘടന രാജ്യസുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.

കാമ്പസ് ഫ്രണ്ട്,റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ,ഓൾ ഇന്ത്യാ ഇമാംമ്സ് കൗൺസിൽ,നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്സ് ഓർഗനൈസെഷൻ,നാഷണൽ വുമൺസ് ഫ്രണ്ട്,ജൂനിയർ ഫ്രണ്ട് എന്നീ അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News