ഉത്തരാഖണ്ഡിലെ ഭൂമി ഇടിഞ്ഞുതാഴൽ; കേന്ദ്രസംഘം ഇന്നെത്തും
ജോഷിമഠിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കി
Update: 2023-01-08 01:08 GMT
ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസം പഠിക്കാൻ കേന്ദ്ര സർക്കാർ രൂപം നൽകിയ പാനൽ ഇന്ന് പ്രദേശം സന്ദർശിക്കും. പരിസ്ഥിതി-വനം വകുപ്പ്, കേന്ദ്ര ജല കമ്മിഷൻ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ക്ലീൻ ഗംഗ ദേശീയ മിഷൻ തുടങ്ങിയ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികളാണ് ഈ പാനലിൽ ഉള്ളത്.
അതേസമയം ജോഷിമഠിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കി. വീടുകളിലും കെട്ടിടങ്ങളിലുമടക്കം മണ്ണിടിഞ്ഞു താഴ്ന്നിരുന്നു. 576 വീടുകളിലാണ് വിള്ളൽ രൂപപ്പെട്ടത്. ഇതിനോടകം 66 കുടുംബങ്ങളെ പ്രദേശത്ത് നിന്നും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ജോഷിമഠിൽ സന്ദർശനം നടത്തിയ മുഖ്യമന്ത്രി പുഷ്‌ക്കർ സിങ് ധാമി ഇവിടെ നിന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്ന് പറഞ്ഞിരുന്നു.