ജമ്മുവിൽ പിടിയിലായ ലഷ്‌കർ ഭീകരൻ ബി.ജെ.പി ഐ.ടി സെൽ മുന്‍ തലവൻ

ഏതു പശ്ചാത്തലങ്ങളിൽനിന്നുള്ളവർക്കും പാർട്ടിയിൽ ഓൺലൈൻ സംവിധാനം വഴി അംഗത്വമെടുക്കാനാകുന്ന സാഹചര്യമുണ്ടെന്ന് ബി.ജെ.പി വക്താവ് ആർ.എസ് പഥാനിയ പ്രതികരിച്ചു

Update: 2022-07-03 16:13 GMT
Editor : Shaheer | By : Web Desk
Advertising

ശ്രീനഗർ: ഇന്ന് ലഷ്‌കറെ ത്വയ്ബ ഭീകരൻ എന്ന പേരിൽ ജമ്മു കശ്മീരിൽനിന്ന് പിടിയിലായയാൾ സജീവ ബി.ജെ.പി പ്രവർത്തകനായിരുന്നുവെന്ന് റിപ്പോർട്ട്. താലിബ് ഹുസൈൻ ഷാ എന്നു പേരുള്ളയാളെയും സഹായിയെയുമാണ് ഇന്ന് ജമ്മുവിലെ റിയാസിയിൽനിന്ന് പൊലീസ് പിടികൂടിയത്. താലിബ് ജമ്മുവിലെ ബി.ജെ.പി ന്യൂനപക്ഷ മോർച്ച ഐ.ടി സെൽ തലനായിരുന്നുവെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

ഇന്നു രാവിലെ റിയാസിയിൽനിന്ന് നാട്ടുകാരാണ് രണ്ടുപേരെ പിടികൂടിയത്. പിടികൂടി നാട്ടുകാർ പൊലീസിനു കൈമാറുകയായിരുന്നു. ഇവരിൽനിന്ന് ഗ്രനേഡുകളടക്കമുള്ള സ്‌ഫോടകവസ്തുക്കളും എ.കെ റൈഫിൾ അടക്കമുള്ള ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

രജൗരിയിലെ ബുധൻ സ്വദേശിയാണ് താലിബ് ഹുസൈൻ ഷാ. കഴിഞ്ഞ മേയ് ഒൻപതിനാണ് താലിബ് ഷാ ന്യൂനപക്ഷ മോർച്ചയുടെ സോഷ്യൽ മീഡിയ ചാർജ് ഏറ്റെടുത്തത്. പാർട്ടി നേതൃത്വം തന്നെയാണ് ചുമതല നൽകിയതെന്നാണ് വിവരം. താലിബിന്റെ നിയമനം അറിയിച്ചുകൊണ്ടുള്ള ജമ്മു കശ്മീർ ന്യൂനപക്ഷ മോർച്ചയുടെ വാർത്താകുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജമ്മു കശ്മീർ ബി.ജെ.പി അധ്യക്ഷൻ രവീന്ദ്ര റൈന അടക്കമുള്ള മുതിർന്ന നേതാക്കൾക്കൊപ്പമുള്ള താലിബിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതേസമയം, ഓൺലൈൻ സംവിധാനം വഴി പാർട്ടി അംഗത്വമെടുത്തയാളാണ് താലിബെന്നാണ് ബി.ജെ.പി പ്രതികരിച്ചത്. ഏതു പശ്ചാത്തലങ്ങളിൽനിന്നുള്ളവർക്കും പാർട്ടിയിൽ ഓൺലൈൻ സംവിധാനം വഴി അംഗത്വമെടുക്കാനാകുന്ന സാഹചര്യമുണ്ടെന്ന് ബി.ജെ.പി വക്താവ് ആർ.എസ് പഥാനിയ വിശദീകരിച്ചു. ''ഈ അറസ്റ്റിലൂടെ പുതിയൊരു വിഷയമാണ് ഉയർന്നുവന്നിരിക്കുന്നത്. ബി.ജെ.പിയിൽ കടന്നുകയറി പാർട്ടിക്കകത്തെ വിവരങ്ങൾ ചോർത്താനുള്ള പുതിയൊരു രീതിയാണിത്. ഉയർന്ന പാർട്ടി നേതൃത്വത്തെ കൊല്ലാനും ഇതുപോലെ ഗൂഢാലോചന നടന്നിരുന്നു. അത് പൊലീസ് തകർക്കുകയായിരുന്നു.''-പഥാനിയ കൂട്ടിച്ചേർത്തു.

അതിർത്തിയിൽ ഭീകരത പരത്താൻ ആഗ്രഹിക്കുന്നവരുണ്ടെന്നും പഥാനിയ കൂട്ടിച്ചേർത്തു. ഇപ്പോൾ ആർക്കും ഓൺലൈനിലൂടെ ബി.ജെ.പി അംഗമാകാം. അംഗത്വമെടുക്കുന്നവരുടെ ക്രിമിനൽ പശ്ചാത്തലമോ പൂർവ പശ്ചാത്തലമോ പരിശോധിക്കാനുള്ള സംവിധാനം ഇതിനകത്തില്ല. അതൊരു തിരിച്ചടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Summary: Lashkar-e-Taiba terrorist captured in Jammu and Kashmir today was BJP Minority Morcha social media in-charge in Jammu

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News