36 ഭാഷകളിലായി 30,000ത്തിലധികം ഗാനങ്ങള്‍... പ്രപഞ്ച താളത്തില്‍ അലിഞ്ഞ് ആ നിറപുഞ്ചിരി
ഇന്ത്യന്‍ സിനിമയുടെ ബാല്യവും കൗമാരവും യൗവനവും- അതാണ് ലതാജിയുടെ ശബ്ദം
ലോകത്തിന് മുന്‍പില്‍ ഇന്ത്യയുടെ വാനമ്പാടിയായിരുന്നു ലതാ മങ്കേഷ്കർ. ഏഴ് പതിറ്റാണ്ട് കാലം നിരവധി തലമുറകളെ അവർ തന്‍റെ മാസ്മരിക ശബ്ദത്തിലൂടെ ആനന്ദിപ്പിച്ചു. മധുബാല മുതൽ ദീപിക പദുകോൺ വരെയുള്ളവർക്ക് വേണ്ടി പാടിയ ലതാ മങ്കേഷ്കറാണ് ലോകത്ത് ഏറ്റവുമധികം ഗാനങ്ങള്‍ ആലപിച്ച ഗായിക. ഇന്ത്യന്‍ സിനിമയുടെ ബാല്യവും കൗമാരവും യൗവനവും- അതാണ് ലതാജിയുടെ ശബ്ദം. ഏഴ് പതിറ്റാണ്ട് കാലം ഇന്ത്യക്കാരുടെ പലവിധ വികാരങ്ങളുടെ മധുരനാദം.
1929ല്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് ലതാ മങ്കേഷ്കറിന്റെ ജനനം. അഭിനയത്തിലൂടെയാണ് ചലച്ചിത്ര പ്രവേശനം. 1942ല്‍ 13മത്തെ വയസില്‍ കിടി ഹസാല്‍ എന്ന മറാത്തി ചിത്രത്തിലൂടെ പാടിത്തുടങ്ങി. തൊട്ടടുത്ത വര്‍ഷം ഇറങ്ങിയ ഗജാബാഹൂവിലെ മാതാ ഏക് സപൂത് കി ആണ് ആദ്യമിറങ്ങിയ ഗാനം. എന്നാല്‍ ലതാജിയിലെ ഗായികയെ അടയാളപ്പെടുത്തിയത് മജ്ബൂറിലെ ദില്‍ മേരാ ദോഡായാണ്. മഹലില്‍ മധുബാലക്ക് വേണ്ടി പാടിയ ആയേഗാ ആനേവാലയാണ് ഹിറ്റ് ചാര്‍ട്ടില്‍ ആദ്യത്തേത്.
നേര്‍ത്ത ശബ്ദമെന്ന് പറഞ്ഞ് തിരസ്‍കരിച്ചവരുടെ മുന്നില്‍ പ്രശസ്തിയുടെ പടവുകള്‍ ഒന്നൊന്നായി പാടിക്കയറുകയായിരുന്നു ലതാജി. നൗഷാദ്, രാമചന്ദ്ര, എസ് ഡി ബര്‍മന്‍, മദന്‍ മോഹന്‍, ശങ്കര്‍ ജയ്കിഷന്‍, ബോംബെ രവി, സലില്‍ ചൗധരി തുടങ്ങിയ സംഗീതശില്‍പ്പികളുടെ ഈണങ്ങള്‍ ലതയുടെ ശബ്ദത്തില്‍ അലിഞ്ഞുചേര്‍ന്നു. ആത്മാവിനെ ലയിപ്പിച്ച് ഏ മേരേ വതന്‍ ലതാ മങ്കേഷ്കര്‍ പാടിയപ്പോള്‍ നെഹ്രു വരെ കണ്ണീരണിഞ്ഞു. ആ ശബ്ദം ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചൊഴുകി. നെല്ലിലൂടെ മലയാളത്തിലുമെത്തി.
മുഹമ്മദ് റഫിക്കൊപ്പം പാടിയപ്പോള്‍ സംഗീതാസ്വാദകര്‍ക്ക് ലഭിച്ചത് ഭാവസാന്ദ്രമായ ഒരുപിടി ഹിറ്റുകള്‍. 36 ഭാഷകളിലായി 50000ത്തിലധികം പാട്ടുകള്‍ പാടി ഗിന്നസില്‍ ഇടംപിടിച്ചിട്ടുണ്ട് ലതാജി. കഠിനമായ സംഗീത യാത്രയില്‍ സംഗീതത്തിലുള്ള പല പുരസ്കാരങ്ങളും സ്വന്തമാക്കി. പദ്മഭൂഷണ്‍, പത്മവിഭൂഷണ്‍, ഭാരതരത്നം തുടങ്ങിയ ദേശീയ ബഹുമതികളും ദാദാ സാഹബ് ഫാല്‍ക്കെ പുരസ്കാരവും തേടിയെത്തി. ഫ്രാന്‍സിന്റെ പരമോന്നത സിവിലിയന്‍ പുരസ്കാരവും നേടി. 1999ല്‍ രാജ്യസഭാംഗമായി.
ലതാജി പാടിയ പോലെ ഇതു പോലെ ഒരു രാത്രി ഇനിയില്ല. ആ നിറഞ്ഞ പുഞ്ചിരി ഈ പ്രപഞ്ചതാളത്തില്‍ അലിഞ്ഞുചേരുകയാണ്.