നേതാക്കൾ തൃണമൂലിലേക്ക് ചേക്കേറുന്നു; കോൺഗ്രസ് പ്രതിസന്ധിയിൽ
മുൻ ക്രിക്കറ്റ് താരവും രാഹുൽഗാന്ധി പാർട്ടി അംഗത്വം നൽകി സ്വീകരിക്കുകയും ചെയ്ത കീർത്തി ആസാദാണ് ടി എം സിയുടെ ഭാഗമായത്.
തൃണമൂൽ കോൺഗ്രസിലേക്കും നേതാക്കൾ ചേക്കേറിത്തുടങ്ങിയതോടെ കോൺഗ്രസ് അങ്കലാപ്പിൽ. ഉത്തർപ്രദേശിലെ കോൺഗ്രസ് മുൻ ഉപാധ്യക്ഷൻ ലളിതേഷ് പതി ത്രിപാഠിയും മുൻ എം എൽ എ രാജേഷ് പതിയും ഇന്നലെ തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. തൊട്ടുപിന്നാലെയാണ് മുൻ ക്രിക്കറ്റ് താരവും രാഹുൽഗാന്ധി പാർട്ടി അംഗത്വം നൽകി സ്വീകരിക്കുകയും ചെയ്ത കീർത്തി ആസാദും ടി എം സിയുടെ ഭാഗമായി. ഹരിയാന മുൻ പിസിസി അധ്യക്ഷനും ഒരു കാലത്ത് രാഹുൽഗാന്ധിയുടെ അടുപ്പക്കാരനുമായിരുന്ന അശോക് തൻവറും തൃണമൂലിൽ ചേരുമെന്നാണ് റിപ്പോർട്ട്.
കോൺഗ്രസ് നേതാവും മുൻ ഗോവ മുഖ്യമന്ത്രിയുമായ ലുസിഞ്ഞോ ഫെലോറിയോയും മഹിളാ കോൺഗ്രസ് അധ്യക്ഷയായിരുന്ന സുഷ്മിത ദേവും തൃണമൂലിൽ ചേർന്നതോടെ മമതയോടു പഴയ മമത കോൺഗ്രസിനില്ല. കോൺഗ്രസ് നേതാക്കളെ അടർത്തിയെടുക്കുന്നതിനെതിരെ കടുത്ത ഭാഷയിലാണ് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി ആഞ്ഞടിച്ചത്. ബിജെപിക്കെതിരായ പ്രതിപക്ഷ ശക്തിയെ ശിഥിലമാക്കനാണു മമത ശ്രമിക്കുന്നത്. ബിജെപിയുടെ ട്രോജൻ കുതിരാണ് മമതയെന്നു അധീർ കടത്തി പറഞ്ഞത് കോൺഗ്രസ് ഹൈക്കമാൻഡിന്റെ മൗനാനുവാദത്തോടെയാണെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും.
ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വലംകൈ ആയിരുന്ന പവൻ വർമയ്ക്ക് തൃണമൂലിൽ അംഗത്വം നൽകി ബംഗാളിന് പുറത്തും സാന്നിധ്യം ഉറപ്പിക്കാനാണ് മമതയുടെ പദ്ധതി. അതേസമയം ഡൽഹിയിലുള്ള മമത ബാനർജി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് തയാറായിട്ടില്ല.