ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഹേമന്ത് സോറനെ ജയിലിൽ സന്ദർശിച്ച് നേതാക്കൾ
തെരഞ്ഞെടുപ്പ് ഫലവും വരാനിരിക്കുന്ന നിയമാസഭാ തെരഞ്ഞെടുപ്പും ചർച്ചചെയ്തതായി സൂചന
റാഞ്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ജയിലിൽ കഴിയുന്ന ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ സന്ദർശിച്ച് നേതാക്കൾ. ജാർഖണ്ഡ് മുഖ്യമന്ത്രി ചമ്പൈ സോറൻ, ഹേമന്ത് സോറന്റെ ഭാര്യ കൽപ്പന, മറ്റ് മുതിർന്ന ജെ.എം.എം നേതാക്കൾ എന്നിവരാണ് അദ്ദേഹത്തെ ബിർസ മുണ്ട സെൻട്രൽ ജയിലിൽ സന്ദർശിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ അവലോകനവും ഈ വർഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട പാർട്ടിയുടെ നീക്കങ്ങളും ചർച്ച ചെയ്തതായാണ് വിവരം.
ജാർഖണ്ഡിസലെ 14 ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞടുപ്പിൽ ബിജെപിയാണ് ഏറ്റവും കൂടുതൽ സീറ്റ് നേടിയത്. എട്ട് സീറ്റ് അവർ കരസ്ഥമാക്കി. ജെ.എം.എം മൂന്ന് മണ്ഡലങ്ങളിലും കോൺഗ്രസും എജെഎസ്യുവും ഒരോ സീറ്റിലും വിജയിച്ചു. ജെഎംഎം എം.എൽ.എ ആയിരുന്ന സർഫാസ് അഹമ്മദ് രാജിവെച്ച ഒഴിവിൽ ഗണ്ഡേ നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കൽപ്പന സോറൻ 27,149 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബിജെപിയുടെ ദിലീപ് കുമാർ വർമയെയാണ് കൽപ്പന തോൽപ്പിച്ചത്.
ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന ഹേമന്ത് സോറന് മെയ് 17ന് സുപ്രിംകോടതി ഇടക്കാല ജാമ്യം നിഷേധിച്ചിരുന്നു. കള്ളപ്പണക്കേസിൽ ജനുവരിയിലാണ് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിനെതിരെ സോറൻ നൽകിയ ഹരജി മെയ് മാസമാദ്യം ജാർഖണ്ഡ് ഹൈക്കോടതിയും തള്ളിയിരുന്നു.
വ്യാജരേഖ ചമച്ച് ആദിവാസിഭൂമി തട്ടിയെടുത്തു, ഖനനവകുപ്പിന്റെ ചുമതല ദുരുപയോഗം ചെയ്ത് റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം മൂന്നു കേസുകളാണ് സോറനെതിരെ ഇ.ഡി രജിസ്റ്റർ ചെയ്തിരിക്കുന്നത്.