'ഹിജാബ് അഴിക്കാന്‍ ആവശ്യപ്പെട്ടു, ജനാധിപത്യവിരുദ്ധ നടപടിയാണിത്': കര്‍ണാടകയിലെ കോളജ് അധ്യാപിക രാജിവെച്ചു
'മൂന്നു വര്‍ഷമായി ഞാന്‍ ഹിജാബ് ധരിച്ചാണ് പഠിപ്പിച്ചത്. ഇതുവരെ ഒരു പ്രശ്നവുമുണ്ടായിരുന്നില്ല'
കോളജില്‍ പ്രവേശിക്കണമെങ്കില്‍ ഹിജാബ് അഴിക്കണമെന്ന് ആവശ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ കോളജ് പ്രൊഫസര്‍ രാജിവെച്ചു. ആത്മാഭിമാനമുള്ളതുകൊണ്ടാണ് രാജി വെച്ചതെന്ന് അധ്യാപിക ചാന്ദിനി രാജിക്കത്തില്‍ വ്യക്തമാക്കി. തുമകുരുവിലെ ജെയിൻ പിയു കോളജിലെ ഗസ്റ്റ് അധ്യാപികയാണ് ചാന്ദിനി.
"ചാന്ദിനി എന്ന ഞാന്‍ ഇംഗ്ലീഷ് ഡിപാര്‍ട്മെന്‍റിലെ ലക്ചറര്‍ സ്ഥാനത്തു നിന്ന് രാജിവെക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഹിജാബ് ധരിച്ച് കോളജില്‍ വരുന്ന എന്നോട് ഹിജാബ് അഴിക്കാന്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് രാജിവെയ്ക്കുന്നത്. മതവിശ്വാസം ഭരണഘടന ഉറപ്പുനല്‍കുന്നതാണ്. ആര്‍ക്കും നിഷേധിക്കാനാവില്ല. നിങ്ങളുടെ ജനാധിപത്യവിരുദ്ധമായ നടപടിയെ ഞാൻ അപലപിക്കുന്നു"- ചാന്ദിനി രാജിക്കത്തില്‍ പറഞ്ഞു.
മൂന്ന് വര്‍ഷമായി ജെയിൻ പിയു കോളജിൽ ജോലി ചെയ്യുന്ന താന്‍ ഇതുവരെ ഒരു പ്രശ്നവും നേരിട്ടിട്ടില്ലെന്ന് ചാന്ദിനി പറയുന്നു. എന്നാൽ പഠിപ്പിക്കുമ്പോൾ ഹിജാബും മതചിഹ്നവും പാടില്ലെന്ന് ഇന്നലെ പ്രിന്‍സിപ്പല്‍ പറഞ്ഞു. പക്ഷേ മൂന്നു വര്‍ഷമായി താന്‍ ഹിജാബ് ധരിച്ചാണ് പഠിപ്പിച്ചത്. പുതിയ തീരുമാനം ആത്മാഭിമാനത്തിനേറ്റ പ്രഹരമാണ്. അതിനാലാണ് രാജിവെക്കാൻ തീരുമാനിച്ചതെന്ന് ചാന്ദിനി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ താനോ മാനേജ്‌മെന്‍റിലെ മറ്റാരെങ്കിലുമോ ഹിജാബ് അഴിക്കാൻ അധ്യാപികയോട് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് പ്രിൻസിപ്പൽ കെ ടി മഞ്ജുനാഥിന്‍റെ പ്രതികരണം.
കർണാടകയിൽ ഹിജാബ് വിവാദത്തിൽ പ്രതിഷേധം തുടരുകയാണ്. ചിത്രദുർഗയിൽ കോളജ് വിദ്യാർഥികളെ പൊലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. യൂണിഫോം നിർബന്ധമല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികളെ തടഞ്ഞതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. കൽബുർഗി, ഉഡുപ്പി, കോലാർ, കുടക്, ദക്ഷിണ കന്നഡ, തുംകൂർ ജില്ലകളിലും വിദ്യാർഥി പ്രതിഷേധം തുടരുകയാണ്. ഹിജാബ് വിലക്കിനെതിരായ ഹരജികളിൽ കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇന്നും വാദം കേൾക്കും. സർക്കാരിന്‍റെ വാദമാണ് ഇന്ന് നടക്കുക.