പുലിയുടെ സാന്നിധ്യം; മൈസൂർ വൃന്ദാവൻ ഉദ്യാനം അനിശ്ചിതകാലത്തേക്ക് അടച്ചു
പുലിയെ പിടിക്കുകയോ പുലിയുടെ സാന്നിധ്യം ഇല്ലാതിരിക്കുകയോ ചെയ്താൽ മാത്രമേ ഉദ്യാനം വീണ്ടും തുറക്കുകയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി
മൈസൂര്‍: പുള്ളിപ്പുലിയുടെ സാന്നിധ്യത്തെ തുടര്‍ന്ന് ശ്രീരംഗപട്ടണത്തുള്ള വിനോദസഞ്ചാരകേന്ദ്രമായ മൈസൂർ വൃന്ദാവൻ ഉദ്യാനം അനിശ്ചിതകാലത്തേക്ക് അടച്ചു. പുലിയെ കണ്ടെന്ന അഭ്യൂഹങ്ങള്‍ നാട്ടുകാരിലും അധികൃതരിലും പരിഭ്രാന്തി പടര്‍ത്തിയ സാഹചര്യത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ഉദ്യാനം അടച്ചത്. പുലിയെ പിടിക്കുകയോ പുലിയുടെ സാന്നിധ്യം ഇല്ലാതിരിക്കുകയോ ചെയ്താൽ മാത്രമേ ഉദ്യാനം വീണ്ടും തുറക്കുകയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി.
പുലിപ്പേടിയെ തുടർന്ന് ഞായറാഴ്ച മുതൽ വിനോദസഞ്ചാരകേന്ദ്രം അടച്ചിട്ടിരിക്കുകയാണ്. സമീപപ്രദേശങ്ങളിൽ പുള്ളിപ്പുലിയെ പതിവായി കാണാറുണ്ടെങ്കിലും ഇക്കാര്യത്തില്‍ അവ്യക്തത തുടരുകയാണെന്ന് സിഎൻഎൻഎൽ അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഫാറൂഖ് അഹമ്മദ് അബു ദി ഹിന്ദുവിനോട് പറഞ്ഞു. വനംവകുപ്പ് വൃന്ദാവൻ ഗാർഡനിലും പരിസരത്തുമായി നാല് കൂടുകൾ സ്ഥാപിച്ചെങ്കിലും പുലിയെ ഇതുവരെ പിടികൂടാനായിട്ടില്ല. ഒരു നായയെ പുലി ആക്രമിച്ചെങ്കിലും ഇതുവരെ മനുഷ്യരെ ഉപദ്രവിച്ചിട്ടില്ലെന്നും ഫാറൂഖ് അഹമ്മദ് പറഞ്ഞു.
ഒന്നിലധികം പുലികൾ വൃന്ദാവൻ പരിസരത്ത് ഉണ്ടെന്നാണ് അധികൃതരുടെ സംശയം. ഇവിടെ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകളിൽ പതിഞ്ഞ പുലിയുടെ ചിത്രങ്ങൾ പലദിവസങ്ങളിലും വ്യത്യസ്തമാണെന്നതാണ് സംശയത്തിനു കാരണം. കഴിഞ്ഞമാസം 21നാണ് ഉദ്യാനത്തിൽ ആദ്യം പുലിയെ കണ്ടത്. പിന്നാലെ നവംബർ അഞ്ചു മുതൽ ഏഴുവരെ തുടർച്ചയായും പുലിയുടെ സാന്നിധ്യമുണ്ടായി. ഈയിടെ കെ.ആർ. നഗറില്‍ പുലി രണ്ടുപോരെ ആക്രമിച്ചിരുന്നു. ടി.നർസിപൂരിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കോളേജ് വിദ്യാർഥി കൊല്ലപ്പെട്ടിരുന്നു.
മൈസൂറിൽ നിന്ന് 12 കിലോമീറ്റർ അകലെ, കർണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് വൃന്ദാവന്‍ ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്. പ്രതിവർഷം 2 ദശലക്ഷം വിനോദസഞ്ചാരികൾ സന്ദർശിക്കുന്ന ഈ ഉദ്യാനം ശ്രീരംഗപട്ടണയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. കർണാടക സർക്കാർ നിയന്ത്രണത്തിലുള്ള കാവേരി നിരവാരി നിഗാമ (കാവേരി ഇറിഗേഷൻ കോർപ്പറേഷൻ) ആണ് ഈ ഉദ്യാനം പരിപാലിക്കുന്നത്.