'ഒരു പ്രതിയുടെ ഫോൺ രേഖകൾ മാത്രമാണോ ഇതുവരെ പരിശോധിച്ചത്?' ലഖിംപൂർ കേസില്‍ യുപി സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രിം കോടതി
അന്വേഷണത്തിൽ അതൃപി അറിയിച്ച സുപ്രിം കോടതി കേസിൻറെ മേൽനോട്ട ചുമതല മുൻ ഹൈക്കോടതി ജഡ്ജി വഹിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ലഖിംപൂർ ഖേരി കേസ് അന്വേഷണത്തിൽ അതൃപ്തി അറിയിച്ച് സുപ്രിം കോടതി. കേസിൽ ഇതുവരെ ഒരു പ്രതിയുടെ ഫോൺ രേഖകൾ മാത്രമാണോ പരിശോധിച്ചതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് കോടതി ചോദിച്ചു. യു.പി. സര്‍ക്കാര്‍ സമര്‍പ്പിച്ച പുതിയ അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ ഒന്നുമില്ലെന്നും ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു. അന്വേഷണത്തില്‍ അതൃപി അറിയിച്ച സുപ്രിം കോടതി കേസിന്‍റെ മേൽനോട്ട ചുമതല മുന്‍ ഹൈക്കോടതി ജഡ്ജി വഹിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഒക്ടോബാര്‍ മൂന്ന് ഞായറാഴ്ച വൈകിട്ടായിരുന്നു പ്രതിഷേധ സമരം നടത്തിയ കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ വാഹനം ഓടിച്ചുകയറ്റിയത്. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേരാണ് ഇതില്‍ കൊല്ലപ്പെട്ടത്. കര്‍ഷകരെ വാഹനംകയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ സുപ്രിംകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ സുപ്രിം കോടതി നേരത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു. തെളിവുകള്‍ സംരക്ഷിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തു. എല്ലാ പ്രതികള്‍ക്കെതിരെയും നിയമം അതിന്‍റെ വഴിക്കു പോകണമെന്നും എട്ട് പേര്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ അതിന്‍റെ അന്വേഷണത്തിന് വിശ്വാസം പകരാന്‍ സര്‍ക്കാര്‍ പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നും ബെഞ്ച് പറഞ്ഞിരുന്നു.