ഇന്‍ഡ്യയുടെ കുതിപ്പിനൊപ്പം ചേരാതെ കർണാടക; നില മെച്ചപ്പെടുത്തി കോൺഗ്രസ്

2019ൽ കർണാടകയിൽ 28ൽ 25ഉം ബി.ജെ.പി ഒറ്റയ്ക്കു തൂത്തുവാരിയിരുന്നു

Update: 2024-06-04 05:41 GMT
Editor : Shaheer | By : Web Desk
Advertising

ബംഗളൂരു: ഉത്തരേന്ത്യയിൽ ഇൻഡ്യ മുന്നണിയുടെ കുതിപ്പിനിടെ കർണാടകയിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനാകാതെ കോൺഗ്രസ്. ഏറെക്കുറെ എക്‌സിറ്റ് പോൾ ഫലങ്ങൾക്കു സമാനമായ പ്രവചിച്ച തരത്തിലാണ് വോട്ടെണ്ണൽ ഫലങ്ങൾ പുറത്തുവരുന്നത്. ഏറ്റവുമൊടുവിൽ വിവരം ലഭിക്കുമ്പോൾ ആകെ 28 സീറ്റിൽ 21 ഇടത്ത് എൻ.ഡി.എ മുന്നിട്ടുനിൽക്കുകയാണ്. കഴിഞ്ഞ തവണത്തേക്കാൾ നില മെച്ചപ്പെടുത്തിയ കോൺഗ്രസ് ഏഴിടത്തും ലീഡ് ചെയ്യുന്നുണ്ട്.

2019ൽ കർണാടകയിൽ 28ൽ 25ഉം ബി.ജെ.പി ഒറ്റയ്ക്കു തൂത്തുവാരിയിരുന്നു. ഒന്നിച്ചുനിന്ന കോൺഗ്രസ്, ജെ.ഡി.എസ് സഖ്യത്തെ നിഷ്പ്രഭമാക്കിയായിരുന്നു ബി.ജെ.പിയുടെ കുതിപ്പ്. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ കുതിപ്പുണ്ടാക്കിയെങ്കിലും ലോക്‌സഭയിൽ അതു പ്രതിഫലിക്കില്ലെന്ന തരത്തിൽ നേരത്തെ തന്നെ വിശകലനങ്ങളുണ്ടായിരുന്നു. നിയമസഭാ ട്രെൻഡിൽനിന്നു മാറി ജനവിധി രേഖപ്പെടുത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് കർണാടക.

ഇത്തവണയും 2019 ആവർത്തിക്കുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പൊതുവെ സൂചിപ്പിച്ചത്. ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എൻ.ഡി.എയ്ക്ക് 23 മുതൽ 25 വരെ സീറ്റ് പ്രവചിച്ചു. കോൺഗ്രസിന് മൂന്നു മുതൽ അഞ്ചുവരെ സീറ്റ് ലഭിക്കുമെന്നുമായിരുന്നു ഇന്ത്യ ടുഡേ പോൾ വ്യക്തമാക്കിയത്. ഇന്ത്യ ടി.വി-സി.എൻ.എക്‌സിൽ എൻ.ഡി.എ 19-25, കോൺഗ്രസ് 4-8, ജൻ കി ബാതിൽ എൻ.ഡി.എ 21-23, കോൺഗ്രസ് 5-7, റിപബ്ലിക് ടി.വിയിൽ എൻ.ഡി.എ 22, കോൺഗ്രസ് 6, എ.ബി.പി ന്യൂസ്-സി വോട്ടറിൽ എൻ.ഡി.എ 23-25, കോൺഗ്രസ് 3-5, ഇന്ത്യ ന്യൂസ് ഡി ഡൈനാമിക്‌സിൽ എൻ.ഡി.എ 23, കോൺഗ്രസ് 5 എന്നിങ്ങനെയായിരുന്നു മറ്റ് എക്‌സിറ്റ് പോൾ ഫലങ്ങൾ.

ഏറെക്കുറെ സമാനമായ സൂചനയാണ് ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ പുറത്തുവരുന്നത്. ബി.ജെ.പി 20 ഇടത്തും സഖ്യത്തിലുള്ള ജെ.ഡി.എസ് മൂന്നിടത്തും മുന്നിട്ടുനിൽക്കുന്നു. കോൺഗ്രസ് അഞ്ചിടത്താണു ലീഡ് ചെയ്യുന്നത്.

സെക്‌സ് ടേപ്പ് കേസിൽ കുരുങ്ങി ജയിലിൽ കഴിയുമ്പോഴും ഹാസനിൽ പ്രജ്വൽ രേവണ്ണ ചെറിയ ഭൂരിപക്ഷത്തിനാണെങ്കിലും മുന്നിട്ടുനിൽക്കുന്നവെന്നതും ശ്രദ്ധേയമാണ്. ജെ.ഡി.എസ് തട്ടകമായ ഹാസനിൽ 5,201 ഭൂരിപക്ഷത്തിനാണ് പ്രജ്വൽ ലീഡ് ചെയ്യുന്നത്.

ബെല്ലാരിയിൽ ഇ. തുക്കാറാം, ബംഗളൂരു സെൻട്രലിൽ മൻസൂർ അലി ഖാൻ, ബിദറിൽ സാഗർ ഈശ്വർ കാന്ദ്രെ, ചാമരാജ നഗറിൽ സുനിൽ ബോസ്, ചിക്കോഡിയിൽ പ്രിയങ്ക സതീഷ്, റായ്ച്ചൂരിൽ ജി. കുമാർ നായിക്, കൊപ്പളയിൽ രാജശേഖര ബസവരാജ്, ദേവനഗരത്തിൽ പ്രഭ മല്ലികാർജുൻ എന്നിവരാണു കോൺഗ്രസിൽ മുന്നിട്ടുനിൽക്കുന്നത്. ബംഗളൂരു റൂറലിൽ തേജസ്വ സൂര്യ 80,000ത്തിലേറെ വോട്ടുമായി ബഹുദൂരം മുന്നിട്ടുനിൽക്കുകയാണ്. ബെൽഗാമിൽ ജഗദീഷ് ഷെട്ടാർ, ചിക്കബല്ലാപൂരിൽ കെ. സുധാകർ, ധർവാഡിൽ പ്രൽഹാദ് ജോഷി, തുംകൂറിൽ വി സോമണ്ണ എന്നിവരാണ് മുന്നിട്ടുനിൽക്കുന്ന മറ്റു പ്രധാന ബി.ജെ.പി നേതാക്കൾ.

2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ഞെട്ടിച്ച് കോൺഗ്രസ് വമ്പൻ ഭൂരിപക്ഷത്തിനു സംസ്ഥാനം പിടിച്ചിരുന്നു. ഇതിനു പിന്നാലെ സിദ്ധരാമയ്യ സർക്കാരിന്റെ ജനപ്രിയ പദ്ധതികളും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കിയതുമെല്ലാം തെരഞ്ഞെടുപ്പിൽ വോട്ടായി മാറുമെന്ന പ്രതീക്ഷ കോൺഗ്രസിനുണ്ടായിരുന്നു. ഇതോടൊപ്പം എൻ.ഡി.എയ്‌ക്കൊപ്പം ചേർന്ന ജെ.ഡി.എസിലെ പ്രധാന യുവനേതാവും സിറ്റിങ് എം.പിയുമായ പ്രജ്വൽ രേവണ്ണയുടെ സെക്‌സ് ടേപ്പ് വിവാദവും വോട്ടിങ്ങിൽ പ്രതിഫലിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.

Summary: Lok Sabha Election results 2024 updates

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News