ലോക്‌സഭാ തെരഞ്ഞെടുപ്പ്; സ്‌ക്രീനിങ് കമ്മിറ്റികളെ പ്രഖ്യാപിച്ച് കോൺഗ്രസ്
ഹരീഷ് ചൗധരി ആണ് കേരളമുൾപ്പെടുന്ന ക്ലസ്റ്ററിന്റെ ചെയർമാൻ, ജിഗ്നേഷ് മേവാനിയുൾപ്പടെ മറ്റ് രണ്ടു പേരും സമിതിയിലുണ്ട്
ന്യൂഡൽഹി: കേരളമടക്കമുള്ള സംസ്ഥാനങ്ങളിെ ലോക്സഭാ സ്‌ക്രീനിങ് കമ്മിറ്റിയെ പ്രഖ്യാപിച്ച് കോൺഗ്രസ്. ഹരീഷ് ചൗധരിയാണ് കേരളത്തിലെ സ്‌ക്രീനിംഗ് കമ്മിറ്റി അധ്യക്ഷൻ. വിശ്വജിത് കദം,ജിഗ്‌നേഷ് മേവാനി എന്നിവരാണ് അംഗങ്ങൾ.
അഞ്ച് ക്ലസ്റ്ററുകളായി സംസ്ഥാനങ്ങളെ തിരിച്ചാണ് എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റിക്ക് രൂപം നൽകിയിരിക്കുന്നത്. കേരളമുൾപ്പെടുന്ന ക്ലസ്റ്റർ ഒന്നിൽ തമിഴ്‌നാട്, കർണാടക, തെലങ്കാന, ലക്ഷദ്വീപ്, പുതുച്ചേരി മേഖലകളുണ്ട്. ഈ ക്ലസ്റ്ററിന്റെ ചെയർമാൻ ആണ് ചരീഷ് ചൗധരി. രണ്ടാമത്തെ ക്ലസ്റ്ററിൽ ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗോവ, ഒഡീഷ, ആൻഡമാൻ ആൻഡ് നിക്കോബാർ തുടങ്ങിയവയാണുളളത്. മധുസൂദനൻ മിശ്രയാണ് ഈ ക്ലസ്റ്ററിന്റെ ചെയർമാൻ. ക്ലസ്റ്ററിൽ ഷാഫി പറമ്പിലും അംഗമാണ്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി നാഷണൽ സ്റ്റുഡൻസ് യൂണിയന്റെയും മഹിള കോൺഗ്രസിന്റെയും നേതൃത്വത്തിലും കോൺഗ്രസ് നേതൃത്വം അഴിച്ചു പണി നടത്തി. അഖിലേന്ത്യാമഹിളാ കോൺഗ്രസ് അധ്യക്ഷയായി ആം ആദ്മി പാർട്ടി വിട്ട് കോൺഗ്രസിൽ തിരിച്ചെത്തിയ അൽക്കാ ലാംബയെ ഹൈക്കമാൻഡ് നിയോഗിച്ചു. ഹരിയാന സ്വദേശിയും മൗലാനാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയുമായ വരുൺ ചൗധരിയാണ് നാഷണൽ സ്റ്റുഡൻസ് യൂണിയൻറെ പുതിയ ദേശീയ അധ്യക്ഷൻ.