ലോക്‌സഭാ തെരഞ്ഞെടുപ്പ്; അവസാന ഘട്ട പ്രചാരണം ശക്തമാക്കി മുന്നണികൾ
പ്രചാരണ പരിപാടികൾക്ക് ശേഷം പ്രധാനമന്ത്രി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കും
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പ്രചാരണം ശക്തമാക്കി മുന്നണികൾ. ശനിയാഴ്ച നടക്കുന്ന വോട്ടെടുപ്പിൽ 57 മണ്ഡലങ്ങൾ വിധിയെഴുതും. പ്രധാനമന്ത്രി നരേന്ദ്ര മോദി ജാർഖണ്ഡിലും ബംഗാളിലും രാഹുൽ ഗാന്ധി ഉത്തർപ്രദേശിലും പ്രചാരണങ്ങൾക്ക് നേതൃത്വം നൽകി. ഇൻഡ്യ സഖ്യം നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹിമാചല്‍പ്രദേശ്, ഝാര്‍ഖണ്ഡ്, ഒഡീഷ, പഞ്ചാബ്, ബംഗാള്‍, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ 57 മണ്ഡലങ്ങളിലാണ് അന്തിമഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന ഉത്തർ പ്രദേശിലെ വാരണാസി, നടി കങ്കണ റണാവത്തും കോൺഗ്രസ് നേതാവ് വിക്രമാധിത്യ സിങ്ങും ഏറ്റുമുട്ടുന്ന ഹിമാചൽ പ്രദേശിലെ മണ്ഡി, മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് മത്സരിക്കുന്ന ബിഹാറിലെ പട്ന സാഹിബ് എന്നിവ ശ്രദ്ധേയ മണ്ഡലങ്ങളാണ്.
പഞ്ചാബിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും ഒറ്റയ്ക്ക് മത്സരിക്കുകയാണ്. ശിരോമണി അകാലിദളും ബി.ജെ.പിയും ശക്തമായി മത്സര രംഗത്ത് ഇറങ്ങിയതോടെ പഞ്ചാബിലെ പല മണ്ഡലങ്ങളിലും കനത്ത മത്സരമാണ് നടക്കുന്നത്. അവസാനഘട്ടത്തിന്റെ പ്രചാരണവേളയിയിലും കോൺഗ്രസിനെതിരെ നരേന്ദ്രമോദി ആരോപണങ്ങൾ തുടരുകയാണ്. മോദി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ആരോപിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ ശേഷം പ്രധാനമന്ത്രി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കും.